
ചെന്നൈ: തമിഴ്നാട് പിഡബ്ല്യുഡി മന്ത്രി ഇ.വി. വേലുവിന്‍റെ വസതിയടക്കം 100 ലേറെ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന. വെള്ളിയാഴ്ച രാവിലെയാണു പരിശോധന തുടങ്ങിയത്. തിരുവണ്ണാമലൈയിലെ കോളെജ്, കരൂർ ജില്ലയിലെ ഗാന്ധിപുരത്തുള്ള ധനകാര്യ സ്ഥാപനം, ഇവിടത്തെ വീട് തുടങ്ങി വേലുവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലെല്ലാം പരിശോധന തുടരുകയാണ്.
കാസ ഗ്രാൻഡെ, അപ്പസാമി റിയൽ എസ്റ്റേറ്റ് എന്നീ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ ഓഫിസുകളിലും ചില പിഡബ്ല്യുഡി കരാറുകാരുടെ ഓഫിസുകളിലും പരിശോധന നടക്കുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
റെയ്ഡ് വിവരം പ്രചരിച്ചതോടെ ഡിഎംകെ പ്രവർത്തകരും അനുയായികളും വേലുവിന്‍റെ വീടിനു മുന്നിൽ തടിച്ചുകൂടി. മന്ത്രി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്.ഒരു മാസത്തിനിടെ ആദായനികുതി പരിശോധന നേരിടുന്ന രണ്ടാമത്തെ ഡിഎംകെ മന്ത്രിയാണു വേലു. അടുത്തിടെ ഡിഎംകെ എംപി ജഗത്‌രക്ഷകന്‍റെ വീട്ടിലും ഐടി വകുപ്പ് പരിശോധന നടത്തിയിരുന്നു.