ഏഷ്യയിൽ ഇന്ത്യ മൂന്നാമത്, മോദി രണ്ടാമത്

ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ രാജ്യം ഇന്ത്യ, രണ്ടാമത്തെ ശക്തനായ നേതാവ് മോദി
India 3rd, Modi 2nd in Asia

പ്രധാനമന്ത്രി നരേന്ദ്ര മോദി.

File photo

Updated on: 

ന്യൂഡൽഹി: ലോവി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ (Lowy Institute) ഏഷ്യ പവർ ഇൻഡക്സ് പ്രകാരം ഏഷ്യയിലെ മൂന്നാമത്തെ കരുത്തുറ്റ രാജ്യമായി ഇന്ത്യ സ്ഥാനം ഉറപ്പിച്ചു. ശക്തമായ സാമ്പത്തിക പ്രവചനങ്ങൾ, നയതന്ത്ര സ്വാധീനം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം എന്നിവയുടെ പിൻബലത്തിലാണ് ഇന്ത്യയുടെ മുന്നേറ്റമെന്നാണ് വിലയിരുത്തൽ. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിന് പിന്നിൽ ഏഷ്യയിലെ രണ്ടാമത്തെ ശക്തനായ പ്രാദേശിക നേതാവാണ് നരേന്ദ്ര മോദിയെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.

2018-ൽ ഏഷ്യ പവർ ഇൻഡക്സ് ആരംഭിച്ച ശേഷം ചൈനയുമായുള്ള കരുത്തിന്‍റെ വിടവ് ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. എങ്കിലും ചൈനയുടെ കരുത്ത് ഇന്ത്യയുടേതിനെ അപേക്ഷിച്ച് 80 ശതമാനം കൂടുതലാണ്. 40.5 പോയിന്‍റിലേക്കാണ് ഇന്ത്യ ഉയർന്നത്.

ഇന്ത്യയുടെ പ്രതിരോധ ശൃംഖലകളും സാംസ്കാരിക സ്വാധീനവും ഏഷ്യയിലെ സ്വാധീനം വർധിപ്പിക്കാൻ സഹായിച്ചു. തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ബ്രഹ്മോസ് മിസൈൽ വിൽപ്പനയും പ്രതിരോധ ഇടപെടലുകളും ഇന്ത്യയുടെ സ്ഥാനം ഉയർത്തി. സാംസ്കാരിക സ്വാധീനം 43.8 പോയിന്‍റായി ഉയർന്നു.

നയതന്ത്ര സ്വാധീനം സംബന്ധിച്ച എട്ട് മാനദണ്ഡങ്ങളിൽ അഞ്ചെണ്ണത്തിൽ ഇന്ത്യ വളർച്ച രേഖപ്പെടുത്തിയപ്പോൾ മൂന്നെണ്ണത്തിൽ നേരിയ കുറവുണ്ടായി. മിക്ക രാജ്യങ്ങളും തളർന്ന ഘട്ടത്തിലും ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റതും സ്ഥിരതയുള്ളതുമായ ഘടകമായി അത് തുടർന്നു.

രൂപയുടെ മൂല്യത്തകർച്ച, അന്താരാഷ്ട്ര നാണയ നിധി (IMF) സമ്പദ്‌വ്യവസ്ഥകളെ വിലയിരുത്തുന്ന രീതിയിലുണ്ടായ മാറ്റം, വിദേശ നിക്ഷേപത്തിൽ ഏകദേശം 20 ബില്യൺ ഡോളറിന്‍റെ കുറവ് എന്നിവ പ്രതികൂല ഘടകങ്ങളായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഗൾഫ് സംഘർഷ വേളയിൽ ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളിലെ കുറവ് മോദിയുടെ നേതൃത്വത്തെക്കുറിച്ചുള്ള ധാരണകളെ ഭാഗികമായി ബാധിച്ചതായും വിലയിരുത്തുന്നുണ്ട്.

പശ്ചിമേഷ്യയിലെ യു.എസ് ഇടപെടലുകൾ ഏഷ്യയിലെ ശ്രദ്ധ കുറച്ചതോടെ, സൈനിക കരുത്തിൽ അമേരിക്കയുമായുള്ള വിടവ് ചൈന കുറച്ചുകൊണ്ടുവരുകയാണ്. യു.എസും (78.9) ചൈനയും (73.6) തമ്മിലുള്ള സമഗ്ര കരുത്തിന്‍റെ വിടവ് 5.3 പോയിന്‍റാണ്. ഫിലിപ്പീൻസിനും തായ്‌വാനും മേലുള്ള അവകാശവാദങ്ങൾ ചൈന ശക്തമാക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.