
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 'ഇന്ത്യ' മുന്നണിയിലെ പ്രധാന കക്ഷികൾ ആം ആദ്മി പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് ഒറ്റപ്പെടുന്നു. തൃണമൂൽ കോൺഗ്രസിന്‍റെയും സമാജ്‌വാദി പാർട്ടിയുടെയും പിന്തുണ തങ്ങൾക്കെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു.
ശിവസേന (യുബിടി)യും എഎപിക്കൊപ്പമാണ്. വരും ദിവസങ്ങളിൽ ഉദ്ധവ് താക്കറെ എഎപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയേക്കുമെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ ഘടകകക്ഷികളുമായി ചർച്ചയ്ക്കുള്ള നീക്കത്തിലാണ് എഎപി. നേരത്തേ, കോൺഗ്രസിനെ മുന്നണിയിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എഎപി.
എഎപി, തൃണമൂൽ കോൺഗ്രസ്, എസ്പി, കോൺഗ്രസ് പാർട്ടികൾ കഴിഞ്ഞ ഏപ്രിലിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ "ഇന്ത്യ' മുന്നണിയുടെ ഭാഗമായിരുന്നു. പിന്നീടു നടന്ന ഹരിയാന, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പക്ഷേ, സഖ്യമുണ്ടായില്ല.
എഎപിയുടെ നല്ലകാലത്തും മോശം സമയത്തും മമത ഒപ്പം നിന്നിട്ടുണ്ടെന്നു പറഞ്ഞ കെജ്‌രിവാളിന് പിന്തുണ അറിയിച്ച് തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയനും രംഗത്തെത്തി.
നേരത്തേ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനും കെജ്‌രിവാൾ നന്ദി അറിയിച്ചിരുന്നു. എന്നാൽ, എഎപിക്കു പിന്തുണ നൽകുന്നതായി എസ്പി ഇതുവരെ പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്പിയും തൃണമൂലും എഎപിയെ പിന്തുണച്ചിരുന്നു.