
ബിഎസ്എഫ് ജവാന്‍റെ മോചനത്തിനു പിന്നാലെ പാക് റേഞ്ചറെ കൈമാറി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാൻ സൈന്യത്തിന്‍റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പി.കെ. ഷായുടെ മോചനത്തിനു പിന്നാലെ, രാജസ്ഥാനിലെ ഇന്ത്യൻ അതിർത്തിക്കുള്ളിൽ നിന്നു പിടികൂടിയ പാക് റേഞ്ചറെ കൈമാറി ഇന്ത്യ.
വാഗാ - അട്ടാരി അതിർത്തി വഴിയാണ് ഇരുപക്ഷത്തെയും സൈനികരെ കൈമാറിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാഴ്ച മുമ്പാണ് രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപത്തുനിന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ പാക് റേഞ്ചറെ പിടികൂടുന്നത്. ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നടത്തിയ ചർച്ചയിലാണ് സൈനികരെ കൈമാറാനുള്ള തീരുമാനത്തിലെത്തുന്നത്.
അതേസമയം, പാക്കിസ്ഥാൻ വിട്ടയച്ച പി.കെ. ഷാ ഇപ്പോൾ ബിഎസ്എഫിലെ സഹപ്രവർത്തകർക്കൊപ്പമുണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ സൈന്യം പുറത്തുവിട്ടിട്ടുണ്ട്. അതിർത്തിയിൽ ജോലി ചെയ്യുന്നതിനിടെ ഏപ്രിൽ 23 നാണ് പാക്കിസ്ഥാൻ അതിർത്തി കടന്നെന്ന് ആരോപിച്ച് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നത്.