
ന്യൂഡൽഹി: ഈ മാസം 10ന് മുൻപ് 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യ, ക്യാനഡയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തെച്ചൊല്ലിയുള്ള നയതന്ത്ര യുദ്ധത്തിന്‍റെ തുടർച്ചയായാണു നടപടി.
62 നയതന്ത്ര ഉദ്യോഗസ്ഥരാണു ക്യാനഡയുടേതായി ഇന്ത്യയിലുള്ളത്. ഇത് 21ലേക്കു ചുരുക്കണമെന്നാണ് ആവശ്യം. എന്നാൽ, ഇന്ത്യയുടെയോ ക്യാനഡയുടെയോ വിദേശകാര്യ മന്ത്രാലയങ്ങൾ റിപ്പോർട്ടിനോടു പ്രതികരിച്ചിട്ടില്ല.
അതിനിടെ, നിജ്ജർ വധം സംബന്ധിച്ച ക്യാനഡയുടെ അന്വേഷണത്തോടു സഹകരിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. നിജ്ജറിന്‍റെ കൊലയ്ക്കു പിന്നിൽ ഇന്ത്യൻ ഏജൻസികളാണെന്നാണു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോയുടെ ആരോപണം. എന്നാൽ, ഇന്ത്യ ഇത് നിഷേധിച്ചിരുന്നു.
നയതന്ത്രപോരാട്ടം മുറുകുന്നതിനിടെ രണ്ടു ഖാലിസ്ഥാൻ അനുകൂല സംഘടനകളെ ക്യാനഡ നിരോധിച്ചതായും റിപ്പോർട്ടുണ്ട്. ബബ്ബർ ഖൽസ ഇന്‍റർനാഷണലിനെയും ഇന്‍റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷനെയുമാണ് ക്യാനഡ നിരോധിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമില്ല. സിഖ്സ് ഫൊർ ജസ്റ്റിസ്, ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ്, ഖാലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ്, ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ്, ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്സ് എന്നിവയെ നിരോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.