

ലക്ഷ്യം നേടി ഇന്ത്യ; മുഖം നഷ്ടപ്പെട്ട് പാക്കിസ്ഥാൻ
പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സൈനികം, രാഷ്‌ട്രീയം, മനഃശാസ്ത്രപരം... മൂന്നു പ്രധാന ലക്ഷ്യങ്ങളായിരുന്നു ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ലക്ഷ്യമിട്ടത്. 90 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ വെടിനിർത്തൽ പ്രഖ്യാപിക്കുമ്പോൾ ലക്ഷ്യങ്ങളെല്ലാം ഇന്ത്യ പൂർത്തീകരിച്ചു. പഹൽഗാം ആക്രമണത്തിനുശേഷം വെല്ലുവിളി തുടർന്ന പാക്കിസ്ഥാന് മുഖം നഷ്ടമായി. ഇനിയൊരു പ്രകോപനത്തിന് പാക് സേനയും രാഷ്‌ട്രീയ നേതൃത്വവും തത്കാലം ആഗ്രഹിക്കുന്നുണ്ടാവില്ല.
പഹൽഗാമിലെ ചോരയ്ക്ക് അക്രമികൾ ലോകത്തിന്‍റെ ഏതറ്റത്ത് ഒളിച്ചാലും പിന്തുടർന്നു വേട്ടയാടുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. ബഹാവൽപുരിലും മുരിദ്കെയിലും മുസാഫാറാബാദിലുമടക്കം പാക്കിസ്ഥാനിലെ ഭീകരരുടെ ആസ്ഥാനങ്ങളെല്ലാം തകർത്തതോടെ പ്രധാനമന്ത്രി വെറുംവാക്ക് പറയില്ലെന്ന ശക്തമായ സന്ദേശം ഇന്ത്യ ലോകത്തിനു നൽകി. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുന്നതു വരെ സിന്ധു നജീജലക്കരാർ മരവിപ്പിച്ചത് ഭീകരതയോട് ഇനി ഒരു വിധത്തിലുള്ള ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടെന്ന രാഷ്‌ട്രീയ പ്രഖ്യാപനം കൂടിയായി.
സൈനികശേഷിയിൽ തങ്ങളെ ഇന്ത്യയോട് താരതമ്യം ചെയ്യാൻ പോലുമാവില്ലെന്നു പാക്കിസ്ഥാന് തിരിച്ചറിവു നൽകുന്നതായിരുന്നു വ്യോമാക്രമണം. സാങ്കേതികമായും സൈനികമായും ഇന്ത്യയുടെ ആധിപത്യം തെളിയിക്കപ്പെട്ടു. മേയ് ഏഴിന് പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതു ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകർത്തപ്പോൾ യഥാർഥത്തിൽ ഞെട്ടിത്തരിച്ചു പാക്കിസ്ഥാൻ. ഇന്ത്യയുടെ നീക്കത്തെ മുൻകൂട്ടി അറിയാനോ പ്രതിരോധിക്കാനോ കഴിഞ്ഞില്ല പാക് സേനയുടെ മുന്നറിയിപ്പു സംവിധാനങ്ങൾക്ക്. ഇത്രയും കാലം ഇന്ത്യയ്ക്കെതിരേ പാലൂട്ടിവളർത്തിയ ലഷ്കർ ഇ തൊയ്ബ, ജയ്ഷ് ഇ മുഹമ്മദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങിയ ഭീകരസംഘടനകളുടെ നേതൃത്വമൊന്നാകെയാണ് ഇല്ലാതായത്. ഇന്ത്യൻ സേന തീരുമാനിച്ചിറങ്ങിയാൽ ഭീകരർക്ക് പാക്കിസ്ഥാനിൽ ഒരിടവും സുരക്ഷിതമല്ലെന്ന പ്രഖ്യാപനമായിരുന്നു ഈ ആക്രമണം.
മുഖം രക്ഷിക്കാൻ പാക് സേന നടത്തിയ തിരിച്ചടി ശ്രമത്തിലും തെളിഞ്ഞു ഇരുരാജ്യങ്ങളുടെയും സേനാക്കരുത്തിലും കഴിവിലുമുള്ള വ്യത്യാസം. 90 മണിക്കൂർ നീണ്ട ഡ്രോൺ, മിസൈലാക്രമണങ്ങൾക്ക് ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെയോ ശേഷിയെയോ തൊടാനായില്ല. ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ സാധാരണക്കാരുടെ ജീവനെടുക്കാൻ മാത്രമാണു പാക് സേനയ്ക്കു കഴിഞ്ഞത്. എന്നാൽ, ഇന്ത്യയുടെ തിരിച്ചടിയിൽ ലാഹോറിലെ വ്യോമപ്രതിരോധ സംവിധാനവും പാക്കിസ്ഥാന്‍റെ ആറു വ്യോമതാവളങ്ങളുൾപ്പെടെ എട്ടു സേനാ താവളങ്ങളും തകർന്നു. സേനാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന റാവൽപിണ്ടി പോലും സുരക്ഷിതമല്ലെന്നു തിരിച്ചറിഞ്ഞു പാക് നേതൃത്വം. ഒടുവിൽ വെടിനിർത്താൻ അപേക്ഷിക്കേണ്ടി വന്നു പാക് സേനയ്ക്ക്.
പാക് ഭീകരതയുടെ നട്ടെല്ലാണു നമ്മൾ തകർത്തതെന്ന് റിട്ടയേഡ് മേജർ ജനറൽ പി.കെ. സെഗാൾ വിലയിരുത്തുന്നു. ശക്തവും ഇച്ഛാശക്തിയുള്ളതുമായ നേതൃത്വം നമുക്കുണ്ടെന്ന് പാക്കിസ്ഥാന് മനസിലായി. കഴിഞ്ഞ 11 വർഷത്തിനിടെ വ്യോമപ്രതിരോധത്തിനും സൈന്യത്തെ കൂടുതൽ പ്രൊഫഷനലാക്കുന്നതിനും വേണ്ടി നമ്മൾ വലിയ തോതിൽ പണം ചെലവഴിച്ചു. അതിന്‍റെ ഗുണമാണു കണ്ടതെന്നു സെഗാൾ.
ആധുനികയുദ്ധം ജയിക്കാൻ അത്യാവശ്യമായ എല്ലാ ഘടകങ്ങളും സർക്കാർ സൈന്യത്തിന് നൽകിയിട്ടുണ്ട്. നമ്മുടെ കര, നാവിക, വ്യോമസേനകളുടെ ഏകോപനം കുറ്റമറ്റതായിരുന്നു. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം മന്ത്രാലയങ്ങൾ പ്രകടിപ്പിച്ച ഐക്യവും മികച്ചതാണ്. എല്ലാ ശക്തിയും ഒരുമിച്ചു പ്രവർത്തിക്കാതെ ആധുനിക യുദ്ധം വിജയിക്കാനാവില്ലെന്നു വിലയിരുത്തിയ സെഗാൾ ഇനിയൊരു പ്രകോപനത്തിനുള്ള ധൈര്യം പാക്കിസ്ഥാനുണ്ടാവില്ലെന്നു കൂട്ടിച്ചേർത്തു.
പാക്കിസ്ഥാൻ പാഠംപഠിക്കുമെന്നാണു പ്രതീക്ഷയെന്ന് റിട്ട. കേണൽ അനിൽ ഭട്ട് പറഞ്ഞു. ഭീകരരെ പിന്തുണയ്ക്കില്ലെന്നും ഇന്ത്യയിലേക്ക് ആക്രമണത്തിന് അയയ്ക്കില്ലെന്നുമുള്ള ഒരു ഉടമ്പടിയാണ് ഉണ്ടാകേണ്ടത്. എന്നാൽ, പാക്കിസ്ഥാന്‍റെ ചരിത്രം വിലയിരുത്തിയാൽ അവർ മാറാനിടയില്ല. പാക് സൈനിക നേതൃത്വം ഇനിയെങ്കിലും കാര്യങ്ങൾ മനസിലാക്കിയാൽ അവർക്കു കൊള്ളാം.. അല്ലെങ്കിൽ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം.
ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനുള്ള വിജയം കൂടിയാണെന്നു കാർഗിൽ യുദ്ധത്തിൽ നിർണായക പങ്കുവഹിച്ച ബ്രിഗേഡിയർ (റിട്ട.) ഖുശാൽ ഠാക്കുർ പറഞ്ഞു.