സവാഹിരിയെ കൊന്ന യുഎസ് ഡ്രോൺ ഇന്ത്യക്കു സ്വന്തമാകും | Video

35 മണിക്കൂർ തുടർച്ചയായി പറക്കും, നാല് മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിക്കും

ന്യൂഡൽഹി: സൈനിക ആക്രമണത്തിന് ഉപയോഗിക്കുന്ന 31 ഡ്രോണുകൾ യുഎസിൽനിന്നു വാങ്ങാൻ ഇന്ത്യ കരാർ ഒപ്പുവച്ചു. ജറൽ ആറ്റൊമിക്സ് എന്ന യുഎസ് ഡിഫൻസ് സ്ഥാപനമാണ് ഇന്ത്യക്കു വേണ്ടി ഡ്രോണുകൾ നിർമിച്ചു നൽകുക. എന്നാൽ, കരാർ ഇരു രാജ്യങ്ങളുടെയും സർക്കാരുകൾ തമ്മിൽ നേരിട്ടാണ്.

31 ഡ്രോണുകൾ 15 എണ്ണം നാവിക സേനയ്ക്കു വേണ്ടിയുള്ള സീ ഗാർഡിയൻ ഡ്രോണുകളാണ്. കരസേനയ്ക്കും വ്യോമസേനയ്ക്കും എട്ട് വീതം സ്കൈ ഗാർഡിയൻ ഡ്രോണുകളും ലഭിക്കും. ഇവ വാങ്ങുന്നതിനുള്ള നിർദേശത്തിന് സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (CCS) കഴിഞ്ഞ ആഴ്ച അംഗീകാരം നൽകിയിരുന്നു.

ദീർഘകാലമായി ചർച്ചയിലുള്ള കരാറാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്. ഇതിൽ ഒപ്പുവയ്ക്കാൻ യുഎസിൽ നിന്നുള്ള സൈനിക - കോർപ്പറെറ്റ് ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തുകയായിരുന്നു.

ഹണ്ടർ-കില്ലർ എന്നറിയപ്പെടുന്ന MQ-9B ഡ്രോണുകളാണ് ഇന്ത്യക്ക് യുഎസ് നൽകുന്നത്. പ്രധാനമായും നിരീക്ഷണ ആവശ്യത്തിന് ഉപയോഗിക്കുന്ന ഇവ ആവശ്യമെങ്കിൽ ആക്രമണത്തിനും ശേഷിയുള്ളവയാണ്. അൽ ക്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയെ കൊല്ലാൻ ഹെൽഫയർ മിസൈൽ തൊടുക്കാൻ ഉപയോഗിച്ച MQ-9 'റീപ്പർ' ഡ്രോണിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇന്ത്യ വാങ്ങുന്ന MQ-9B.

35 മണിക്കൂർ തുടർച്ചയായി പറക്കാൻ ശേഷിയുള്ളവയാണിവ. നാല് മിസൈലുകളും 450 കിലോഗ്രാം ബോംബുകളും വഹിക്കാൻ സാധിക്കും.

32,000 കോടി രൂപയ്ക്കാണ് കരാർ. ഇതിന്‍റെ ഭാഗമായി, ഡ്രോണുകളുടെ റിപ്പെയറിനും മെയ്ന്‍റനൻസിനുമുള്ള സംവിധാനങ്ങൾ ഇന്ത്യയിൽ തന്നെ ഒരുക്കുകയും ചെയ്യും.

logo
Metro Vaartha
www.metrovaartha.com