'ട്രംപിനും എനിക്കും ഒരേ ലക്ഷ്യം'; നരേന്ദ്ര മോദി

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിൽ മോദിയുടെ രണ്ടാം പോഡ്കാസ്റ്റ് അഭിമുഖമാണിത്.
India-China cooperation, Pak's 'betrayal', Gujarat riots, RSS influence -- PM Modi touches varied issues in podcast

'ട്രംപിനും എനിക്കും ഒരേ ലക്ഷ്യം'; നരേന്ദ്ര മോദി

Updated on

ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും താനും തമ്മിലുള്ളതു പരസ്പര വിശ്വാസമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞങ്ങൾക്ക് ഇരുവർക്കും എല്ലാത്തിനും മുകളിലുള്ളത് ദേശീയ താത്പര്യമാണ്. അതാണ് ഞങ്ങളെ കൂട്ടിയിണക്കുന്നത്. യുഎസ് എഐ ഗവേഷകൻ ലെക്സ് ഫ്രിദ്മാനുമായുള്ള പോഡ്കാസ്റ്റിലാണു ട്രംപും താനുമായുള്ള അടുപ്പത്തെക്കുറിച്ചു മോദിയുടെ വിശദീകരണം. അധിക നികുതി ചുമത്തുന്നതു സംബന്ധിച്ച് ഇന്ത്യയ്ക്കെതിരേ ട്രംപ് നടത്തിയ വിമർശനങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഒഴിവാക്കിയ പ്രധാനമന്ത്രി യുഎസ് പ്രസിഡന്‍റിന്‍റെ സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയും വിനയവും തന്നെ ആകർഷിച്ചെന്നും കൂട്ടിച്ചേർത്തു. ചൈന, റഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ചും പോഡ്കാസ്റ്റിൽ മോദി വിശദമാക്കി.

ചൈനയും ഇന്ത്യയുമായുള്ള മത്സരം ഒരിക്കലും സംഘർഷത്തിലേക്കു പോകില്ലെന്നു പറഞ്ഞ മോദി, പാക്കിസ്ഥാനുമായി ഇന്ത്യ നടത്തിയ എല്ലാ ശ്രമങ്ങളും ചതിയിലും സംഘർഷത്തിലുമാണ് അവസാനിച്ചതെന്നും ചൂണ്ടിക്കാട്ടി. യുദ്ധത്തിനുള്ള സമയമല്ല ഇതെന്ന റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനോടുള്ള മുൻ പ്രസ്താവന ആവർത്തിച്ചു. യുദ്ധക്കളത്തിലെ വിജയം ശാശ്വത പരിഹാരത്തിലേക്കു നയിക്കില്ലെന്നും പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ എണ്ണം സമാധാനം കൊണ്ടുവരില്ലെന്നുമാണ് യുക്രെയ്‌ൻ പ്രസിഡന്‍റ് വൊളൊഡിമിർ സെലെൻസ്കിയോടു മോദിയുടെ ഓർമപ്പെടുത്തൽ. ആർഎസ്എസ് നൽകിയ മൂല്യങ്ങളാണു തന്നെ നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയായുള്ള മൂന്നാമൂഴത്തിൽ മോദിയുടെ രണ്ടാം പോഡ്കാസ്റ്റ് അഭിമുഖമാണിത്. ട്രംപിന്‍റെ ഒന്നാം ടേമിൽ ഹൂസ്റ്റണിൽ നടത്തിയ ഹൗഡി മോദി പരിപാടിയെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു യുഎസ് പ്രസിഡന്‍റുമായുള്ള ബന്ധം മോദി വിശദീകരിച്ചത്. അന്നു ഞാൻ സംസാരിക്കുമ്പോൾ ട്രംപ് സദസിലാണിരുന്നത്. പ്രസംഗത്തിനുശേഷം സ്റ്റേഡിയം ചുറ്റി നടക്കാമെന്ന എന്‍റെ ക്ഷണം സ്വീകരിച്ച ട്രംപ് സുരക്ഷാ ഉദ്യോഗസ്ഥരെ ഒഴിവാക്കിയാണ് എനിക്കൊപ്പം വന്നത്. അദ്ദേഹത്തിന്‍റെ ധൈര്യം അപ്പോഴെനിക്കു മനസിലായി. എന്നെ വിശ്വസിച്ച് എന്നോടൊപ്പം ജനക്കൂട്ടത്തിലേക്ക് വരുന്നു. അതു ഹൃദയസ്പർശിയായിരുന്നു. ഇന്ത്യയ്ക്ക് പ്രഥമ സ്ഥാനമെന്ന എന്‍റെ സമീപനത്തിനു തുല്യമാണ് യുഎസിന് പ്രഥമസ്ഥാനമെന്ന ട്രംപിന്‍റെ നിലപാട്.

ലോകത്തിലെ മുഴുവൻ ഭീകരപ്രവർത്തനങ്ങളുടെയും പ്രഭവ കേന്ദ്രമാണു പാക്കിസ്ഥാനെന്നും മോദി പറഞ്ഞു. ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ ഭീഷണിയാണ് അവർ. സമാധാനമുണ്ടാക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചു. എന്‍റെ ലാഹോർ യാത്രയും സത്യപ്രതിജ്ഞയ്ക്ക് പാക് പ്രധാനമന്ത്രിയെ ക്ഷണിച്ചതുമെല്ലാം ഇതിന്‍റെ ഭാഗമായിരുന്നു. എന്നാൽ, എല്ലാം പാക് ഭാഗത്തു നിന്നുള്ള ചതിയിലും അക്രമത്തിലുമാണു കലാശിച്ചത്. സമാധാനത്തിന്‍റെ പാത തെരഞ്ഞെടുക്കാൻ അവർക്കു സദ്ബുദ്ധിയുണ്ടാകുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നു. ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങുമായുള്ള തന്‍റെ കൂടിക്കാഴ്ചയാണ് അതിർത്തിയിൽ സമാധാനമുണ്ടാക്കിയതെന്നും വിശ്വാസം വീണ്ടെടുക്കാൻ സമയമെടുക്കുമെന്നും മോദി വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com