ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച

ഇയു പ്രതിനിധികൾ ഈയാഴ്ച ഇന്ത്യ സന്ദർശിക്കും; ഖത്തറുമായി അടുത്തമാസം വ്യാപാരക്കരാർ ഒപ്പുവച്ചേക്കും
ബദൽ വിപണി തേടി ഇന്ത്യ; യൂറോപ്യൻ യൂണിയനുമായി ചർച്ച | India EU trade talks

ഇയു പ്രതിനിധികൾ ഈയാഴ്ച ഇന്ത്യ സന്ദർശിക്കും.

Updated on

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന തീരുവ യുദ്ധത്തെ നേരിടാൻ ബദൽ വിപണികൾ തേടുന്ന ഇന്ത്യയിലേക്ക് യൂറോപ്യൻ യൂണിയൻ പ്രതിനിധികളെത്തുന്നു. സ്വതന്ത്ര വ്യാപാരക്കരാർ സംബന്ധിച്ച് പതിമൂന്നാം വട്ടം ചർച്ചകൾക്കാണു യൂറോപ്യൻ പ്രതിനിധികൾ ഈയാഴ്ച ഇന്ത്യയിലെത്തുന്നത്.

ഇന്ത്യക്കെതിരേ തങ്ങൾ പ്രഖ്യാപിച്ച തീരുവയ്ക്കു സമാനമായ നടപടികളെടുക്കണമെന്ന് യൂറോപ്യൻ യൂണിയനോട് ട്രംപ് ആവശ്യപ്പെട്ടിരിക്കെ പ്രതിനിധി സംഘത്തിന്‍റെ സന്ദർശനം നിർണായകം. ഇതിനിടെ, ഖത്തറുമായുള്ള വ്യാപാര ഉടമ്പടി അടുത്തമാസം ഒപ്പുവയ്ക്കാനും നടപടികൾ പൂർത്തിയാകുകയാണ്. അടുത്തമാസം വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഖത്തർ സന്ദർശിക്കും.

സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകൾ കൂടുതൽ വേഗത്തിലാക്കാനും വർഷാന്ത്യത്തോടെ അന്തിമ രൂപം നൽകാനുമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നത്. യൂറോപ്യൻ യൂണിയൻ കാർഷിക കമ്മിഷണർ ക്രിസ്റ്റോഫ് ഹാൻസൻ, വ്യാപാര മേധാവി മരോസ് സെഫ്കോവിക് എന്നിവരുടെ നേതൃത്വത്തിൽ 30ലേറെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ കാര്‍ഷിക മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. തുടർന്നുള്ള അഞ്ചു മാസത്തിനിടെ 10 ചർച്ചകൾ കൂടിയുണ്ടാകും.

ചരക്കുകള്‍, സേവനങ്ങള്‍, നിക്ഷേപം, ഡിജിറ്റല്‍ വ്യാപാരം തുടങ്ങിയ വിഷയങ്ങളിലാണ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട് നേരത്തെ ചര്‍ച്ചകള്‍ നടന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളിലെ വിപണികള്‍ ഇന്ത്യയ്ക്ക് തുറന്ന് കിട്ടും. യൂറോപ്പിലെ പ്രധാന രാജ്യമായ യുകെയുമായി ഇന്ത്യ ഇതിനകം വ്യാപാര കരാര്‍ ഒപ്പുച്ചു.

യൂറോപ്യന്‍ യൂണിയനുമായുള്ള കരാര്‍ യാഥാര്‍ഥ്യമായാല്‍ മരുന്നുകള്‍, ടെക്സ്റ്റൈൽ, വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ വിപണി ലഭിക്കും. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. 2023-24ൽ 135 ബില്യൺ ഡോളറിന്‍റെ ഉഭയകക്ഷി വ്യാപാരമാണ് യൂറോപ്യൻ യൂണിയനും ഇന്ത്യയുമായി നടന്നത്.

ഇസ്രയേലുമായി നിക്ഷേപക്കരാർ

പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ഉടമ്പടിയിൽ ഇന്ത്യയും ഇസ്രയേലും ഒപ്പുവച്ചു. സാമ്പത്തിക സഹകരണവും വികസനവും ലക്ഷ്യമിടുന്ന സംഘടനയായ ഒഇസിഡിയിലെ ഏതെങ്കിലുമൊരു അംഗരാജ്യം ഇന്ത്യയുമായി ഇത്തരമൊരു കരാർ ഒപ്പിടുന്നത് ആദ്യമായാണെന്ന് ഇസ്രയേൽ.

സാമ്പത്തിക പുരോഗതിയും ലോക വ്യാപാരവും ഉത്തേജിപ്പിക്കുന്നതിനായി 38 രാജ്യങ്ങളുടെ അന്തർദേശീയ സംഘടനയാണ് ഒഇസിഡി. വ്യാപാര- നിക്ഷേപ രംഗങ്ങളിൽ അവസരങ്ങൾക്കു വഴിതുറക്കാനും സുസ്ഥിരവും സുരക്ഷിതവുമായ ബിസിനസിനു പിന്തുണ നൽകാനും ഉടമ്പടിക്കു കഴിയുമെന്ന് ഇസ്രയേൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com