
ന്യൂഡൽഹി: ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നണയത്തിൽ തിരിച്ചടി നൽകി ഇന്ത്യ.
കാനഡ പുറത്താക്കിയ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയുടെ അതേ റാങ്കിലുള്ള കാനഡ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കിയാണ് തിരിച്ചടിച്ചത്. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം ഇന്ത്യൻ വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയാണ് അറിയിച്ചത്.
പുറത്താക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥൻ 5 ദിവസത്തിനകം ഇന്ത്യ വിടണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. എന്നാൽ പുറത്താക്കിയ നയതന്ത്ര ഉദ്യോഗസ്ഥന്‍റെ പേര് പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡയില്‍ വെടിയേറ്റ് മരിച്ചത്. ഗുരുദ്വാരയ്ക്ക് സമീപം അജ്ഞാതർ ഹർദീപിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്തിനു പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് നിജ്ജാറിന്‍റെ കൊലപാതകത്തിൽ പങ്കില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളയുകയാണെന്നും വിദേശകാര്യ മന്ത്രാലയമിറക്കിയ പ്രസ്താവനയിൽ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് തള്ളിയ കാനഡ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാർ റായിയെയാണ് കാനഡ സർക്കാർ പുറത്താക്കിയത്.