
Pakistan High Commission in Delhi
ന്യൂഡല്‍ഹി: ഔദ്യോഗിക പദവിക്കു നിരക്കാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മിഷനില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. രാജ്യം വിടാന്‍ ഉദ്യോഗസ്ഥന് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധിച്ചു പാക്കിസ്ഥാന്‍ ഹൈക്കമ്മിഷന്‍റെ ചാര്‍ജ് ഡി അഫയേഴ്‌സിന് ഉത്തരവ് പുറപ്പെടുവിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ കുറിച്ചു.
ഈ മാസം 13ന് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടുവെന്നാരോപിച്ച് ഇന്ത്യ ഒരു പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥനെ പുറത്താക്കിയിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ചാരവൃത്തി ആരോപിച്ച് ഇന്ത്യയില്‍ കുറഞ്ഞത് 12 പേരെയാണ് അറസ്റ്റ് ചെയ്തത്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാനുമായി ബന്ധമുള്ള ഒരു ചാര ശൃംഖലയിലേക്കാണ് അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
അറസ്റ്റിലായവരില്‍ ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു. ജ്യോതിയുടെ യൂട്യൂബ് ചാനലിനും (ട്രാവല്‍ വിത്ത് ജെഒ) ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനും യഥാക്രമം 3.77 ലക്ഷം സബ്സ്‌ക്രൈബര്‍മാരും 1.33 ലക്ഷം ഫോളോവേഴ്സും ഉണ്ട്. കേസില്‍ അറസ്റ്റിലായ മറ്റൊരു സ്ത്രീ പഞ്ചാബ് സ്വദേശിയായ ഗുസാലയാണ്.
ജ്യോതി മല്‍ഹോത്ര പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ പാക് ചാരന്മാരുമായുള്ള ബന്ധം സമ്മതിച്ചു. ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനായിരുന്ന ഐഎസ്ഐ ചാരൻ എഹ്സാനുർ റഹീമുമായി (ഡാനിഷ്) നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്ന് ഇവർ സമ്മതിച്ചതായി ഹിസാർ പൊലീസ് വക്താവ് വികാസ് കുമാർ പറഞ്ഞു. 2023 ൽ തുടങ്ങിയ ബന്ധം ഇപ്പോഴും തുടരുന്നു.
2023ൽ പാക്കിസ്ഥാൻ സന്ദർശിക്കാൻ വിസയ്ക്കുവേണ്ടിയാണ് ഡാനിഷുമായി പരിചയപ്പെട്ടത്. പാക്കിസ്ഥാനിലെത്തിയപ്പോൾ ഇയാൾ വഴി നിരവധി ഐഎസ്ഐ ചാരന്മാരുമായി ബന്ധമുണ്ടാക്കി. വാട്‌സാപ്പ്, സ്‌നാപ്ചാറ്റ്, ടെലിഗ്രാം തുടങ്ങിയ മെസേജിങ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആശയവിനിമയം നടത്തിയിരുന്നതെന്നും ജ്യോതിയുടെ മൊഴിയിലുണ്ട്. ജ്യോതിയുടെ സ്വകാര്യ ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തിട്ടുണ്ട്. പാക് യാത്ര ഏറെ സ്‌നേഹം നിറഞ്ഞതായിരുന്നുവെന്നും അവിടെനിന്ന് ഏറെ സ്‌നേഹം ലഭിച്ചെന്നും ഇതിൽ കുറിച്ചിട്ടുണ്ട്. വിവാഹം പാക്കിസ്ഥാനിൽ നിന്നാകണമെന്ന് ആഗ്രഹിച്ചതായും പറയുന്നു.