

നിക്കോളാസ് മഡുറോ
ന‍്യൂഡൽഹി: വെനിസ്വേലയിൽ അമെരിക്കൻ സൈന‍്യം നടത്തിയ ആക്രമണത്തിലും പ്രസിഡന്‍റ് നിക്കോളാസ് മഡുറോയെ പിടികൂടിയ നടപടിയിലും ആശങ്ക അറിയിച്ച് ഇന്ത‍്യ. പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കാൻ എല്ലാ കക്ഷികളോടും ആവശ‍്യപ്പെട്ടിടുണ്ടെന്ന് ഇന്ത‍്യയുടെ വിദേശകാര‍്യ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.
വെനിസ്വേലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണെന്നും രൺധീർ ജയ്സ്വാൾ കൂട്ടിച്ചേർത്തു. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പിന്തുണ നൽകുന്നുവെന്നും കാരക്കാസിലെ ഇന്ത‍്യൻ എംബസി വെനിസ്വേലയിലുള്ള ഇന്ത‍്യൻ പൗരന്മാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവർക്ക് സാധ‍്യമായ സഹായങ്ങൾ ചെയ്യുന്നത് തുടരുമെന്നും മന്ത്രാലയം വ‍്യക്തമാക്കി.
വെനിസ്വേലയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശനിയാഴ്ച പുലർച്ചയോടെയാണ് അമെരിക്ക വ്യോമാക്രമണം നടത്തിയത്. നിരവധി ഉഗ്രസ്ഫോടനങ്ങളാണ് കാരക്കാസിൽ അടക്കമുണ്ടായതെന്നാണ് റിപ്പോർട്ട്.
നിക്കോളാസ് മഡൂറോയെ വീഴ്ത്താൻ ഏതറ്റം വരെയും പോകുമെന്ന നിലപാടിലായിരുന്നു അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. കാരക്കാസിലും മിറാൻഡയിലും ആരഗുവയിലും ലി ഗുയ്രയിലും അമെരിക്കൻ ആക്രമണം നടന്നതായാണ് വെനിസ്വേലയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യോമാക്രമണത്തിന് പിന്നാലെ വെനിസ്വേലയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.