ന്യൂഡൽഹി: പ്രതിരോധസേനകളുടെ നിരീക്ഷണക്കരുത്ത് വർധിപ്പിക്കാൻ 31 പ്രിഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതിന് യുഎസുമായി ഇന്ത്യ കരാർ ഒപ്പുവച്ചു. നാവികസേനയ്ക്കാണ് 15 ഡ്രോണുകൾ. എട്ടെണ്ണം വീതം കരസേനയ്ക്കും വ്യോമസേനയ്ക്കും ലഭിക്കും. ഇടപാടിന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയിരുന്നു. 400 കോടി യുഎസ് ഡോളറിന്‍റെ കരാറാണിത്.
ഡ്രോണുകളുടെ അറ്റകുറ്റപ്പണി, പരിപാലനം തുടങ്ങിയവയ്ക്ക് ഇന്ത്യയിൽ സംവിധാനമൊരുക്കും. യുഎസിന്‍റെ മുതിർന്ന സൈനിക, കോർപ്പറെറ്റ് പ്രതിനിധികൾ ദിവസങ്ങളായി ഇന്ത്യയിലുണ്ട്. കരാർ ഒപ്പുവയ്ക്കുന്ന ചടങ്ങിൽ ഇവരും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥരും പങ്കെടുത്തു. ചെന്നൈയിലെ രാജലി, ഗുജറാത്തിലെ പോർബന്ദർ, സർസവാ, ഗോരഖ്പുർ തുടങ്ങിയ സൈനിക കേന്ദ്രങ്ങളിലാകും ഡ്രോണുകൾ വിന്യസിക്കുക.