
കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ; യുപിയിൽ ജൂൺ 30 വരെ സ്കൂളുകൾക്ക് അവധി
ന്യൂഡൽഹി: കൊടും ചൂടിൽ വലഞ്ഞ് ഉത്തരേന്ത്യ. താപനില 50 ഡിഗ്രി സെൽഷ്യസിലേക്ക് ഉർന്നു. രാജസ്ഥാനിലെ ശ്രീഗംഗാനഗറിലാണ് 2025ലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. കിഴക്കൻ രാജസ്ഥാൻ, ജമ്മു കശ്മീർ, ഹരിയാന, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗമുണ്ടായി.
ചൂട് കനത്തതോടെ ഉത്തർ പ്രദേശിലെ സ്കൂളൂകളിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജൂൺ 30 വരെ അവധി നൽകി. ജൂലൈ ഒന്നിനാവും ഇനി സ്കൂൾ തുറക്കുക. എന്നാൽ, അധ്യാപകരും ജീവനക്കാരും ഹാജരാവണം. ഉഷ്ണ തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ജൂൺ 25 ഓടെ ഡൽഹി ഉൾപ്പെടെയുള്ള വടക്കു പടിഞ്ഞാറൻ ഭാഗങ്ങളിൽ മൺസൂൺ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. ജൂൺ 18 ഓടെ മധ്യ, കിഴക്കൻ ഇന്ത്യയുടെ ശേഷിക്കുന്ന ഭാഗങ്ങളിൽ മൺസൂൺ എത്താൻ സാധ്യതയുണ്ടെന്നും പ്രവചനം.