'ഇന്ത്യ' മുന്നണി യോഗം: തെരഞ്ഞെടുപ്പ് നേരിടാൻ വിശാല പദ്ധതി ലക്ഷ്യം

വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് സഖ്യത്തിന്‍റെ യോഗം
ഇന്ത്യ മുന്നണി നേതാക്കൾ.
ഇന്ത്യ മുന്നണി നേതാക്കൾ.File photo

മുംബൈ: വ്യാഴാഴ്ച വൈകിട്ട് മുംബൈയിൽ ആരംഭിച്ച സംയുക്ത പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗം പൊതുതെരഞ്ഞെടുപ്പിനെ നേരിടാനുള്ള വിശാല പദ്ധതികൾ ചർച്ച ചെയ്യും. വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് 'ഇന്ത്യ' സഖ്യത്തിന്‍റെ യോഗം.

28 പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികളിൽനിന്നായി 63 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നു. സഖ്യത്തിന്‍റെ 11-അംഗ കോഓർഡിനേഷൻ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്നണിയുടെ ചിഹ്നവും പ്രകാശനം ചെയ്യും.

മൂന്നാം വട്ടമാണ് വിശാല പ്രതിപക്ഷ സഖ്യത്തിന്‍റെ യോഗം ചേരുന്നത്. മഹാരാഷ്‌ട്രയിൽനിന്നുള്ള മാർക്സിസ്റ്റ് അനുഭാവികളായ പെസന്‍റ്സ് ആൻഡ് വർക്കേഴ്സ് പാർട്ടി (പിഡബ്ല്യുപി), മറ്റൊരു പ്രാദേശിക പാർട്ടി എന്നിവയെ കൂടി ഉൾപ്പെടുത്തിയാണ് ഇത്തവണ അംഗബലം 28 ആയി വർധിപ്പിച്ചിരിക്കുന്നത്. ബിഹാറിലെ പറ്റ്നയിലും കർണാടകയിലെ ബംഗളൂരുവിലുമാണ് ആദ്യ രണ്ടു റൗണ്ട് യോഗങ്ങൾ ചേർന്നത്. ഇതു രണ്ടും സഖ്യത്തിൽ അംഗത്വമുള്ള പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ആദ്യമായാണ് ഭരണമില്ലാത്ത ഒരു സംസ്ഥാനത്ത് യോഗം ചേരുന്നത്.

സഖ്യത്തിനു കൺവീനർ സ്ഥാനം ആവശ്യമുണ്ടോ, ഉണ്ടെങ്കിൽ ആര്, സീറ്റ് വിഭജനത്തിനുള്ള ഉപസമിതികൾ, സംയുക്ത പ്രക്ഷോഭ പരിപാടികൾ, ആശയവിനിമയത്തിനുള്ള തന്ത്രങ്ങൾ തുടങ്ങിയവ യോഗം ചർച്ച ചെയ്യുന്നു.

സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, മമത ബാനർജി, ലാലു പ്രസാദ് യാദവ്, ഫാറൂഖ് അബ്ദുള്ള, നിതീഷ് കുമാർ, ഹേമന്ദ് സോറൻ, എം.കെ. സ്റ്റാലിൻ, അരവിന്ദ് കെജ്‌രിവാൾ, ഭഗവന്ത് മൻ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com