
ന്യൂഡൽഹി: ഫെയ്സ്ബുക്കിന്‍റെയും വാട്ട്സാപ്പിന്‍റെയും ഇൻസ്റ്റഗ്രാമിന്‍റെയുമെല്ലാം മാതൃ കമ്പനിയായ മെറ്റയ്ക്ക് ഇന്ത്യയിലെ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റി നോട്ടീസ് അയയ്ക്കും. 2024ൽ ഇന്ത്യയിൽ നടത്തിയ പൊതു തെരഞ്ഞെടുപ്പിനെക്കുറിച്ച് മെറ്റ മേധാവി മാർക്ക് സക്കർബർഗ് നുണ പറഞ്ഞു എന്നാരോപിച്ചാണ് നോട്ടീസ്.
വ്യാജ വിവരം പ്രചരിപ്പിച്ചതിന് മെറ്റ പ്രതിനിധികളെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സംബന്ധിച്ച പാർലമെന്‍ററി സമിതിയുടെ അധ്യക്ഷൻ നിഷികാന്ത് ദുബെ വ്യക്തമാക്കി.
''ഒരു ജനാധിപത്യ രാജ്യത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആ രാജ്യത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും. മെറ്റയുടെ പിഴവിന് പാർലമെന്‍റിനോടും ജനങ്ങളോടും ക്ഷമാപണം ചോദിക്കണം'', എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ദുബെ വ്യക്തമാക്കി.
ജനുവരി പത്തിന് നടത്തിയ പോഡ്കാസ്റ്റിലാണ് സക്കർബർഗിന്‍റെ വിവാദ പരാമർശമുണ്ടായത്. കൊവിഡ് മഹാമാരിക്കു ശേഷം ലോകവ്യാപകമായി നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അധികാരത്തിലിരുന്ന സർക്കാരുകൾ നിലംപൊത്തിയെന്നും, ഇന്ത്യയിലും അതാണ് സംഭവിച്ചതെന്നും സക്കർബർഗ് പറഞ്ഞിരുന്നു.
പോഡ്കാസ്റ്റ് പുറത്തുവന്നതിനു പിന്നാലെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഈ പരാമർശം ഫാക്റ്റ് ചെക്കിനു വിധേയമാക്കുകയും, ഇന്ത്യയിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകിയ എൻഡിഎ സർക്കാരിൽ വീണ്ടും വിശ്വാസം അർപ്പിക്കുകയാണു ചെയ്തതെന്ന് ആവർത്തിക്കുകയും ചെയ്തിരുന്നു.