

സാങ്കൽപ്പിക ചിത്രം.
AI
ന്യൂഡൽഹി: ഒരു വർഷത്തിനിടെ ഇന്ത്യയുടെ ആണവായുധ ശേഖരത്തിലേക്ക് പത്തു പോർമുനകൾ കൂടി ചേർത്തെന്ന് അന്താരാഷ്‌ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ "സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' (സിപ്രി). സ്ഥാപനത്തിന്‍റെ വാർഷിക റിപ്പോർട്ടായ സിപ്രി ഇയർബുക്ക് 2026ലാണ് ഇന്ത്യയ്ക്ക് ഇപ്പോൾ 190 അണ്വായുധങ്ങളുണ്ടെന്നു വെളിപ്പെടുത്തുന്നത്.
2025ൽ 180 ആയിരുന്നു ഇന്ത്യയുടെ ശേഖരം. ഇന്ത്യയുടെ ശേഖരത്തിലെ 12 പോർമുനകൾ വിവിധയിടങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. പാക്കിസ്ഥാന്‍റെ ആണവ പോർമുനകളുടെ എണ്ണം 2025ലുണ്ടായിരുന്ന 170ൽ തന്നെ തുടരുകയാണെന്നും, കഴിഞ്ഞ വർഷം പുതുതായി ഒരു പോർമുനപോലും കൂട്ടിച്ചേർത്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാക് ആണവായുധങ്ങൾ സൂക്ഷിച്ചിരിക്കുന്ന കിരാന മലനിരകളെ ഇന്ത്യ തകർത്തെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിപ്രിയുടെ റിപ്പോർട്ട്. ഇന്ത്യ ആണവായുധ വിന്യാസ സംവിധാനങ്ങൾ നിരന്തരം ആധുനികീകരിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയിലെ ഏതു ലക്ഷ്യവും തകർക്കാൻ ശേഷിയുള്ള ദീർഘദൂര ആയുധങ്ങൾ വികസിപ്പിക്കുന്നതിലേക്കാണ് ഇപ്പോൾ ഇന്ത്യയുടെ ശ്രദ്ധ. യുദ്ധമല്ലാത്ത സമയത്ത് പോലും മിസൈലുകളിൽ ഘടിപ്പിച്ച ചെറിയ അളവിലുള്ള ആണവായുധങ്ങൾ വിന്യസിക്കാൻ ഇന്ത്യയ്ക്കും ചൈനയ്ക്കും ഇപ്പോൾ കഴിഞ്ഞേക്കും. ഒരൊറ്റ മിസൈലിൽ ഒന്നിലധികം ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളിലേക്കും ഇന്ത്യ മുന്നേറുകയാണെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, ചൈനയുടെ ശേഖരം 600ൽ നിന്ന് 620ലേക്ക് ഉയർന്നു. ഇതിൽ 34 പോർമുനകൾ വിന്യസിച്ചിരിക്കുകയാണ്. റഷ്യയുടേത് 4309ൽ നിന്ന് 4400ലേക്ക് ഉയർന്നെന്നും ഇതിൽ 1796 പോർമുനകൾ വിന്യസിച്ചിരിക്കുകയാണെന്നും പറയുന്ന റിപ്പോർട്ടിൽ, യുഎസിന്‍റെ ആണവായുധ ശേഖരം 2025ലെ അതേ അവസ്ഥ (3700) തുടരുകയാണെന്നും കൂട്ടിച്ചേർക്കുന്നു. ഇതിൽ 1770 എണ്ണമാണു വിന്യസിച്ചിരിക്കുന്നത്.