ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒഐസിക്ക് ഒരു അവകാശവുമില്ലെന്നു വിദേശകാര്യ മന്ത്രാലയം
ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

OIC യോഗം

Updated on

ന്യൂഡൽഹി: ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ഓർഗനൈസേഷൻ ഒഫ് ഇസ്‌ലാമിക് കോഓപ്പറേഷൻ (ഒഐസി) കോൺടാക്റ്റ് ഗ്രൂപ്പ് പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ഇന്ത്യ പൂർണമായും തള്ളി. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ഒഐസിക്ക് ഒരു അവകാശവുമില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പാക്കിസ്ഥാന്‍റെ വ്യാജ പ്രചാരണങ്ങൾക്ക് വേദിയൊരുക്കുന്നതിന് പകരം, സ്വന്തം മണ്ണിൽ നിന്ന് അയൽരാജ്യങ്ങൾക്കെതിരേ നടത്തുന്ന ഭീകരപ്രവർത്തനം അവസാനിപ്പിക്കാൻ അവരെ ഉപദേശിക്കുകയാണ് ഒഐസി ചെയ്യേണ്ടതെന്നും വിദേശകാര്യ മന്ത്രാലയം.

ന്യൂയോർക്കിൽ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ചേർന്ന ഒഐസി കോൺടാക്റ്റ് ഗ്രൂപ്പാണ് കശ്മീർ വിഷയത്തിൽ ഇന്ത്യയെ പ്രകോപിപ്പിച്ചത്. കശ്മീരി ജനതയുടെ സ്വയം നിർണയാവകാശത്തെ പിന്തുണയ്ക്കുന്നുന്നെന്നും പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നുമാണു കോൺടാക്റ്റ് ഗ്രൂപ്പിന്‍റെ പ്രമേയത്തിൽ പറയുന്നത്.

കശ്മീരിലെ തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അന്താരാഷ്‌ട്ര വേദികളിൽ നിരന്തരം ഈ വിഷയം ഉന്നയിക്കാനും ആഹ്വാനം ചെയ്തു. പാക്കിസ്ഥാൻ, ‌തുർക്കി, സൗദി അറേബ്യ, അസർബൈജാൻ, നൈജർ രാജ്യങ്ങളാണ് ഈ ഗ്രൂപ്പിലുള്ളത്. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യ പാക്കിസ്ഥാനെയും ഒഐസിയെയും വിമർശിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com