
ന്യൂഡൽഹി: നിരോധിത ഭീകരസംഘടനയായ ലഷ്കർ- ഇ- തയിബയുടെ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫിസ് മുഹമ്മദ് സയീദിനെ വിട്ടുകിട്ടാൻ സമ്മർദം ശക്തമാക്കി ഇന്ത്യ. ഹാഫിസിനെ കൈമാറാനുള്ള നിയമനടപടികൾ ആരംഭിക്കണമെന്ന് പാക്കിസ്ഥാൻ സർക്കാരിനോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. എൻഐഎ രജിസ്റ്റർ ചെയ്ത കേസുകളിലെ വിചാരണയ്ക്കായി ഇയാളെ വേണമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരനാണ് ഹാഫിസ് സയീദ്. ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളി കൈമാറ്റം സംബന്ധിച്ച ഉടമ്പടി ഇല്ലാത്തതിനാലും ഭീകരരെ സംരക്ഷിക്കുന്ന പാക്കിസ്ഥാന്റെ നയം മൂലവും അയാളെ കൈമാറാൻ അവർ ഒരുക്കമായിരുന്നില്ല.
""എൻഐഎ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതിയാണു ഹാഫിസ് സയീദ്. ഭീകരാക്രമണങ്ങളും കശ്മീരിൽ ഭീകരർക്കു ഫണ്ടിങ് നടത്തിയതും ഉൾപ്പെടെയുള്ള കേസുകൾ ഇയാൾക്കെതിരേയുണ്ട്. കശ്മീരിലെ ദേശദ്രോഹ പ്രവർത്തനങ്ങളിലും ഇയാൾ പങ്കാളിയാണ്. ഇന്ത്യ നൽകിയ കത്തിനോടു പാക്കിസ്ഥാൻ ഏജൻസികൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. മറുപടിക്കു കാത്തിരിക്കുന്നു''- കേന്ദ്ര സർക്കാർ വൃത്തങ്ങൾ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ഭീകരനായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ഹാഫിസ് സയീദിന്റെ തലയ്ക്കു 10 ദശലക്ഷം ഡോളറാണു വിലയിട്ടിരിക്കുന്നത്. ഇയാളുടെ ആസൂത്രണത്തിൽ കടൽ കടന്നെത്തിയ 10 അംഗ ഭീകരസംഘം 2008 നവംബർ 26നു മുംബൈയിൽ താജ് ഹോട്ടൽ അടക്കം പലേടത്തും നടത്തിയ ഭീകരാക്രമണത്തിൽ വിദേശ പൗരന്മാരടക്കം 166 പേരാണു കൊല്ലപ്പെട്ടത്.
യുഎൻ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിനെ തുടർന്ന് 2019 മുതൽ ഇയാൾ പാക്കിസ്ഥാനിലെ ജയിലിലാണെന്നാണു പറയപ്പെടുന്നത്. എന്നാൽ, വീട്ടുതടങ്കലിൽ സ്വതന്ത്രനായി കഴിയുകയാണെന്നും റിപ്പോർട്ടുണ്ട്. അടുത്തവർഷം അവിടെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഹാഫിസ് സയീദ് ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു.
പാക്കിസ്ഥാൻ മർകസി മുസ്ലിം ലീഗ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് ഇയാളുടെ മകൻ തൽഹ സയീദ് മത്സരംഗത്തുണ്ട്. കഴിഞ്ഞവർഷം തൽഹ സയീദിനെ യുഎപിഎ പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പാക് രാഷ്ട്രീയത്തിലും സൈന്യത്തിലും ഹാഫിസിന്റെയും മകന്റെയും ഇടപെടൽ സജീവമാണെന്നാണ് അവിടെ നിന്നുള്ള സൂചനകൾ.