

ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം കരാറില്‍ ഒപ്പുവച്ച് ഇന്ത്യ
താഷ്‌കന്‍റ്: യുറേനിയം വിതരണത്തിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഒരു ചട്ടക്കൂട് രൂപീകരിക്കാന്‍ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മില്‍ ധാരണയായി. താഷ്‌കന്‍റില്‍ ഉസ്‌ബെക്ക് പ്രസിഡന്‍റ് ഷവ്കത് മിര്‍സിയോയേവുമായി നടത്തിയ ഉന്നതതല ചര്‍ച്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, അടിസ്ഥാന സൗകര്യവികസനം, പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
ഇന്ത്യ-ഉസ്‌ബെക്ക് ബന്ധം സമഗ്രവും തന്ത്രപ്രധാനവുമായ പങ്കാളിത്തമായി ഉയര്‍ത്താനും, നിലവില്‍ ഒരു ബില്യണ്‍ യുഎസ് ഡോളറിലധികമുള്ള വാര്‍ഷിക ഉഭയകക്ഷി വ്യാപാരത്തിന്‍റെ അളവ് 2030-ഓടെ അഞ്ച് ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും കൃത്യമായ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഉഭയകക്ഷി സഹകരണത്തിന് നേതൃത്വം നല്‍കുന്നതിനായി വിദേശകാര്യമന്ത്രി തലത്തിലുള്ള ഒരു ഏകോപന സമിതി രൂപീകരിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. നിലവിലുള്ള സംയുക്ത കമ്മിഷനെ സെക്രട്ടറി തലത്തില്‍ നിന്ന് മന്ത്രി തലത്തിലേക്ക് ഉയര്‍ത്തുമെന്നും മോദി അറിയിച്ചു.
സിവിലിയന്‍ ആണവോര്‍ജ ആവശ്യങ്ങള്‍ക്കായി ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് യുറേനിയം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ ആലോചിച്ചുവരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ ഉസ്‌ബെക്കിസ്ഥാനുമായി യുറേനിയം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കരാറിന് വലിയ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും കമ്പനികളെ ഉള്‍പ്പെടുത്തി ഒരു ബിസിനസ് ഉച്ചകോടി സംയുക്തമായി സംഘടിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. യുറേനിയത്തിനു പുറമേ, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, നിര്‍മിത ബുദ്ധി, നിര്‍ണായക ധാതുക്കള്‍, ശുദ്ധമായ ഊര്‍ജം, ബഹിരാകാശം, ആണവോര്‍ജ്ജം എന്നിവയിലും ഇരുരാജ്യങ്ങളും കൂടുതല്‍ സഹകരിക്കാന്‍ ധാരണയായതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ഊര്‍ജം, നിര്‍ണായക ധാതുക്കള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ആഭരണങ്ങള്‍, കൃഷി എന്നിവയുള്‍പ്പെടെയുള്ള മേഖലകളെ ഉള്‍ക്കൊള്ളുന്ന റോഡ്മാപ്പുകള്‍ ഇരു രാജ്യങ്ങളും തയാറാക്കുമെന്ന് ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്‍റ് പറഞ്ഞു.
മോദിക്ക് ഉസ്‌ബെക്കിന്‍റെ പരമോന്നത ബഹുമതി
ഉസ്‌ബെക്കിസ്ഥാനിലെ പരമോന്നത ബഹുമതിയായ 'ഒലിയ് ദരാജലി ദൂസ്ത്‌ലിക്' പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാന്‍ പ്രസിഡന്‍റ് ഷവ്കത് മിര്‍സിയോയേവ് സമ്മാനിച്ചു. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 36-ാമത്തെ അന്താരാഷ്‌ട്ര പുരസ്‌കാരമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ലഭിച്ചതിനെ, "ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം" എന്ന് ബിജെപി വിശേഷിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ നേതൃത്വത്തിനും ഇന്ത്യയുടെ സ്വാധീനത്തിനും ലഭിച്ചുകൊണ്ടിരിക്കുന്ന ആഗോള അംഗീകാരത്തിന്റെ പ്രതിഫലനമാണെന്നും ബിജെപി അഭിപ്രായപ്പെട്ടു.