ആണവ ഭീഷണിയുമായി പാക്കിസ്ഥാൻ; എണ്ണത്തിൽ മറികടന്ന് ഇന്ത്യ

പുതിയ കണക്കു പ്രകാരം ഇന്ത്യയുടെ ആവനാഴിയിൽ 180 അണുബോംബുകളുണ്ട്. പാക്കിസ്ഥാന്‍റെ പക്കലുള്ളത് പരമാവധി 170.
India superior against Pakistan Nuclear threat

ആണവ ഭീഷണിയുമായി പാക്കിസ്ഥാൻ; എണ്ണത്തിൽ പാക്കിസ്ഥാനെ മറികടന്ന് ഇന്ത്യ

Representative graphics

Updated on

അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യക്കെതിരേ ആണവായുധ ഭീഷണി മുഴക്കി പാക് മന്ത്രി. ഘോറി, ഷഹീൻ, ഘസ്നവി തുടങ്ങിയ മിസൈലുകളും 130ലേറെ ആണവ പോർമുനകളും ഇന്ത്യക്കെതിരേ പ്രയോഗിക്കാൻ കരുതിവച്ചിരിക്കുന്നവയാണെന്നു പാക് മന്ത്രി ഹനീഫ് അബ്ബാസി പറഞ്ഞു.

സിന്ധു നദീജല കരാർ മരവിപ്പിച്ച് പാക്കിസ്ഥാനുള്ള വെള്ളം ഇന്ത്യ തടഞ്ഞാൽ അതൊരു പൂർണ യുദ്ധത്തിനുള്ള തയാറെടുപ്പാണ്. അങ്ങനെയെങ്കിൽ പാക്കിസ്ഥാന്‍റെ ആണവായുധങ്ങൾ പ്രദർശനത്തിനുള്ളതല്ല. രാജ്യമൊട്ടാകെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന അവ പ്രകോപനമുണ്ടായാൽ പ്രയോഗിക്കും. എല്ലാം ഇന്ത്യയ്ക്കെതിരേയാണ് കരുതിവച്ചിരിക്കുന്നതെന്നും അബ്ബാസി.

അതേസമയം, രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ആണവായുധങ്ങളുടെ എണ്ണത്തിൽ ഇന്ത്യക്ക് പാക്കിസ്ഥാനു മേൽ വ്യക്തമായ മേൽക്കൈ. ഇന്ത്യക്കെതിരേ ആണവായുധം പ്രയോഗിക്കുമെന്ന പാക് മന്ത്രിയുടെ ഭീഷണിക്കിടെയാണു ഫെഡറേഷൻ ഒഫ് അമെരിക്കൻ സയന്‍റിസ്റ്റ്സ് (എഫ്എഎസ്) പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ ആണവരംഗത്തെ ഇന്ത്യയുടെ മുന്നേറ്റം സൂചിപ്പിക്കുന്നത്.

പുതിയ കണക്കു പ്രകാരം ഇന്ത്യയുടെ ആവനാഴിയിൽ 180 അണുബോംബുകളുണ്ട്. പാക്കിസ്ഥാന്‍റെ പക്കലുള്ളത് പരമാവധി 170. കഴിഞ്ഞ വർഷത്തെ കണക്കിൽ ഇന്ത്യയ്ക്ക് 172 ബോംബുകളും പാക്കിസ്ഥാന് 170 ബോംബുകളുമായിരുന്നു. 1974ൽ ആദ്യ ആണവപരീക്ഷണം നടത്തുമ്പോൾ ആണവശേഷി കൈവരിക്കുന്ന ആറാമത്തെ രാജ്യമായിരുന്നു ഇന്ത്യ.

24 വർഷത്തിനുശേഷമാണു പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയത്. ഇതാകട്ടെ, ഇന്ത്യയുടെ രണ്ടാം ആണവ പരീക്ഷണത്തോടുള്ള പ്രതികരണമായിരുന്നു.

4299 ബോംബുകളുള്ള റഷ്യയാണ് ആണവശേഖരത്തിൽ മുന്നിൽ. യുഎസ് 3700, ചൈന 600, ഫ്രാൻസ് 290, യുകെ 225, ഇസ്രയേൽ 90, ഉത്തര കൊറിയ 50 എന്നിങ്ങനെയാണു മറ്റ് ആണവശക്തികളുടെ ബോംബുശേഖരമെന്നും റിപ്പോർട്ട് പറയുന്നു.

ഒരു രാജ്യത്തിനെതിരേയും ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. എന്നാൽ, ഇന്ത്യക്കെതിരേ പ്രയോഗിച്ചാൽ തിരിച്ചടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കര, നാവിക, വ്യോമ, അന്തർവാഹിനി തലത്തിൽ ആണവ തിരിച്ചടിക്കുള്ള ശേഷിയും ഇന്ത്യയ്ക്കുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com