

കടുവകളുടെ കണക്കെടുക്കാൻ ഇന്ത്യ
ലോകത്തെ ഏറ്റവും ബൃഹത്തും സങ്കീർണവുമായ വന്യജീവി സർവേയുടെ ഭാഗമായി കടുവകളുടെ കണക്കെടുപ്പിനു തിങ്കളാഴ്ച തുടക്കമാകും. ദേശീയ കടുവ സംരക്ഷണ അഥോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദേശ പ്രകാരമാണു സെൻസസ്.
അഖിലേന്ത്യാ തലത്തിൽ കഴിഞ്ഞ 15ന് തുടക്കമിട്ട പ്രാഥമിക നടപടികളുടെ അടുത്ത ഘട്ടത്തിനാണ് ഒന്നിനു ആരംഭം കുറിക്കുന്നത്. കേരളത്തിൽ പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലാണു സെൻസസ്. ആഗോളതലത്തിൽ വനത്തിൽ വസിക്കുന്ന കടുവകളുടെ എണ്ണത്തിൽ 75 ശതമാനത്തിലധികം ഇന്ത്യയിലാണുള്ളത്. അതിനാൽത്തന്നെ അഖിലേന്ത്യാ സെൻസസിന് കടുവകളുടെ എണ്ണത്തിനപ്പുറം പ്രാധാന്യമുണ്ട്.
ഇരകളുടെ സാന്ദ്രത, വനത്തിന്‍റെ ഗുണനിലവാരം, വാസസ്ഥലങ്ങളിലെ സമ്മർദം, മനുഷ്യ-വന്യജീവി ഇടപെടൽ മേഖലകൾ എന്നിവ ഉൾപ്പെടെയുള്ള ആവാസവ്യവസ്ഥയുടെ മുഴുവൻ ഘടകങ്ങളും വിലയിരുത്തുന്ന സർവേയാകും നടത്തുക. 2022ലെ സർവേയിൽ 3,682 കടുവകളുടെ എണ്ണമാണു രേഖപ്പെടുത്തിയത്. 1868ലെ സെന്‍റ് പീറ്റേഴ്‌സ്ബർഗ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യ, 2022ഓടെ കടുവകളുടെ എണ്ണം ഇരട്ടിയാക്കാൻ പ്രതിജ്ഞയെടുത്തിരുന്നു. ഇതു യാഥാർഥ്യമാക്കുന്നതാണു മേൽപ്പറഞ്ഞ കണക്ക്. അതിന്‍റെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന സെൻസസിൽ പരമ്പരാഗത ഫീൽഡ് വർക്കുകളോടൊപ്പം അത്യാധുനിക സാങ്കേതികവിദ്യയും വിന്യസിക്കാൻ ലക്ഷ്യമിടുന്നു.
സർവേയ്ക്ക് മൂന്നു ഘട്ടങ്ങൾ
ഒന്ന്: ഗ്രൗണ്ട് ട്രാക്കിങ്, ആവാസവ്യവസ്ഥ രേഖപ്പെടുത്തൽ
റിസർവുകളിലും ഫോറസ്റ്റ് ഡിവിഷനുകളിലും നിശ്ചിത ട്രാൻസെക്റ്റുകളിലൂടെ വനപാലകർ പട്രോളിങ് നടത്തുന്നതോടെയാണ് ആദ്യ ഘട്ടം ആരംഭിക്കുന്നത്. ഓരോ ഗാർഡും മൂന്ന് ദിവസംകൊണ്ട് ഏകദേശം 15 കിലോമീറ്റർ നടന്ന് കടുവകളുടെ പരോക്ഷമായ അടയാളങ്ങൾ രേഖപ്പെടുത്തും. കാൽപ്പാടുകൾ, നഖം കൊണ്ടുള്ള അടയാളങ്ങൾ, കാഷ്ഠം, ഇരയുടെ അവശിഷ്ടങ്ങൾ എന്നിവയാണു പരിശോധിക്കുന്നത്. ഭക്ഷ്യലഭ്യത വിലയിരുത്താൻ ഇരയെ കണ്ട വിവരങ്ങളും (മാൻ, മ്ലാവ് പോലുള്ളവ) നിരീക്ഷണങ്ങളിൽ ഉൾപ്പെടുത്തും. സസ്യങ്ങളുടെ സാന്ദ്രത (മരങ്ങൾ, കുറ്റിച്ചെടികൾ, പുല്ലുകൾ) മനുഷ്യ സാന്നിധ്യത്തിന്‍റെ അടയാളങ്ങൾ (മരം മുറിക്കൽ, കന്നുകാലി ചാണകം) എന്നിവയും ആവാസവ്യവസ്ഥയുടെ ആരോഗ്യവും സമ്മർദവും അളക്കാൻ നിരീക്ഷിക്കും. ഉപഗ്രഹ സഹായത്തോടെയുള്ള വിശകലനത്തിന് അടിത്തറയാണ് ഈ ഘട്ടം നൽകുന്നത്.
രണ്ട്: സാറ്റലൈറ്റ് ഇന്‍റഗ്രേഷനും റിമോട്ട് സെൻസിങ്ങും
ഫീൽഡ് ഡാറ്റ ശേഖരിച്ചുകഴിഞ്ഞാൽ, ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഉപഗ്രഹചിത്രങ്ങളും ഡേറ്റാ അനലിറ്റിക്സുമായി രംഗത്തിറങ്ങും. വനത്തിന്‍റെ കവറേജ്, ഭൂപ്രകൃതി, ജലസ്രോതസുകൾ, മനുഷ്യന്‍റെ കടന്നുകയറ്റം എന്നിവ പഠിക്കാൻ റിമോട്ട് സെൻസിങ് ഉപയോഗിക്കുന്നു. പ്രധാനപ്പെട്ട ആവാസവ്യവസ്ഥകൾ, വന്യജീവി ഇടനാഴികൾ, സ്ട്രെസ് സോണുകൾ എന്നിവ തിരിച്ചറിയാൻ ഇതു സഹായിക്കും. കടുവകളുടെ സാന്നിധ്യം കൂടുതലുണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങൾ നിർണയിച്ചു ക്യാമറ സ്ഥാപിക്കുന്നതിന് ഉപഗ്രഹ മാപ്പിങ് വഴിതുറക്കും. നേരിട്ടു ശേഖരിച്ചതും ഉപഗ്രഹ വിവരങ്ങളും സംയോജിപ്പിക്കുന്നതു ശാസ്ത്രീയമായ കൃത്യതയും വിഭവങ്ങളുടെ നിർണയവും ഉറപ്പാക്കുന്നു.
മൂന്ന്: ക്യാമറ ട്രാപ്പുകളും എഐ അധിഷ്ഠിത തിരിച്ചറിയലും
ഒരു ഗ്രിഡ് അധിഷ്ഠിത സംവിധാനത്തിലുടനീളം 40,000ലധികം ക്യാമറാ കെണികൾ വിന്യസിക്കുന്നതാണ് മൂന്നാമത്തെയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം.ഓരോ നാലു ചതുരശ്ര കിലോമീറ്റർ ഗ്രിഡിലും ചലനം തിരിച്ചറിയുന്ന രണ്ട് ക്യാമറകളുണ്ട്. ഗ്രൗണ്ട് സർവേകളിൽ തിരിച്ചറിഞ്ഞ വഴികൾ, വരമ്പുകൾ, ജലക്കുഴികൾ എന്നിവയ്ക്ക് സമീപമാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ക്യാമറകൾ 25 ദിവസം സജീവമായി തുടരുകയും വന്യജീവികളുടെ ചലനങ്ങളുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്യും. ഓരോ കടുവയെയും പ്രത്യേകം തിരിച്ചറിയുന്നതിന് അവയുടെ തനതായ വരയുള്ള പാറ്റേണുകൾ മനസിലാക്കാനാകുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് ചിത്രങ്ങൾ വിശകലനം ചെയ്യുന്നത്. 2022ൽ, കർണാടകയിൽ മാത്രം ഈ രീതിയിലൂടെ 563 കടുവകളെ തിരിച്ചറിഞ്ഞിരുന്നു. ഇത് എഐ അധിഷ്ഠിത സമീപനത്തിന്‍റെ ഫലപ്രാപ്തി കാണിക്കുന്നു.
അഖിലേന്ത്യാ കടുവ കണക്കെടുപ്പ്
അടുത്ത സെൻസസ് വർഷം: 2026.
അവസാന കണക്കെടുപ്പിലെ എണ്ണം: 3,682 കടുവകൾ (2022).
പരിശോധിക്കുന്ന പ്രദേശത്തിന്‍റെ വ്യാപ്തി: ഇരുപതിലേറെ സംസ്ഥാനങ്ങളിലായി 400,000 ചതുരശ്ര കിലോമീറ്ററിലധികം.
പങ്കെടുക്കുന്നവർ: 60,000ത്തിലധികം വനപാലകർ.
കൂടുതൽ മധ്യപ്രദേശിൽ
മധ്യപ്രദേശിലാണ് (785) രാജ്യത്ത് ഏറ്റവും കൂടുതൽ കടുവകളുള്ളത്. 563 കടുവകളുള്ള കർണാടക രണ്ടാം സ്ഥാനത്തുണ്ട്. ഉത്തരാഖണ്ഡാണ് മൂന്നാമത്. കഴിഞ്ഞ തവണ 7,000 ക്യാമറ ട്രാപ്പുകളാണ് സെൻസസിന് ഉപയോഗിച്ചത്. ഇക്കുറി മധ്യപ്രദേശിൽ മാത്രം ഏകദേശം 9,000 ക്യാമറ ട്രാപ്പുകൾ വിന്യസിക്കുന്നതോടെ സെൻസസിന്‍റെ വ്യാപ്തി വർധിക്കും. ഒരു വയസിനു മുകളിലുള്ള കടുവകളെയാണു സെൻസസിൽ ഉൾപ്പെടുത്തുന്നത്.
സംസ്ഥാനത്തെ പ്രാധാന്യം
കേരളത്തിലെ പെരിയാർ ടൈഗർ റിസർവ് പോലുള്ള സംരക്ഷിത പ്രദേശങ്ങൾ കടുവകളുടെ പ്രധാന ആവാസ കേന്ദ്രങ്ങളാണ്. 2022ലെ കണക്കെടുപ്പിൽ കേരളത്തിൽ 213 കടുവകളാണ് ഉണ്ടായിരുന്നത്. 2026ലെ സെൻസസിന്‍റെ ഒന്നാം ഘട്ടമായ ഫീൽഡ് വർക്കുകളും ഡാറ്റാ ശേഖരണവും കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്.