
ന്യൂഡൽഹി: അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനായി നിലപാട് കടുപ്പിക്കാൻ ഒരുങ്ങി ഇന്ത്യ. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ 2025 പ്രകാരം വിസ നിയമങ്ങൾ കർശനമാക്കാനാണ് നീക്കം. ഈ സമ്മേളനകാലത്ത് ബിൽ അവതരിപ്പിച്ചേക്കും. 1946ലെ ഫോറിനേഴ്സ് ആക്റ്റ്, 1920ലെ പാസ്പോർട്ട് ( ഇന്ത്യയിലേക്കുള്ള പ്രവേശനം) ആക്റ്റ്, 1939 ലെ രജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് ആക്റ്റ്, 2000ത്തിലെ ഇമിഗ്രേഷൻ ( കാരിയേഴ്സ് ലയബിലിറ്റി) ആക്റ്റ് എന്നിവയ്ക്കു പകരമാണ് പുതിയ ബിൽ അവതരിപ്പിക്കുക.
പുതിയ ബിൽ പ്രകാരം അംഗീകൃത പാസ്പോർട്ടോ വിസയോ ഇല്ലാതെ ഇന്ത്യയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് അഞ്ച് വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. വ്യാജ രേഖകൾ പ്രകാരം ഇന്ത്യയിലേക്ക് കടക്കുകയോ താമസിക്കുകയോ ചെയ്താൽ രണ്ട് വർഷം മുതൽ 7 വർഷം വരെ തടവും ഒരു ലക്ഷം മുതൽ 10 ലക്ഷം വരെ പിഴയുമാണ് ശിക്ഷ.
വിസ കാലാവധി കഴിഞ്ഞ ശേഷം ഇന്ത്യയിൽ തുടരുന്നത്, വിസ ഉപാധികൾ ലംഘനം, അനുമതിയില്ലാത്ത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നത് എന്നിവയെല്ലാം മൂന്നു വർഷം വരെ തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവകലാശാലകൾ, ആശുപത്രികൾ, നഴ്സിങ് ഹോമുകൾ എന്നിവർ അവിടെ ഉള്ള വിദേശികളുടെ വിവരങ്ങൾ രജിസ്ട്രേഷൻ ഓഫിസറെ അറിയിക്കേണ്ടതാണ്. മതിയായ യാത്രാരേഖകൾ ഇല്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കാരിയേഴ്സിനും അഞ്ച് ലക്ഷം രൂപ വരെ പിഴ ലഭിക്കാം.