

ലഡാക്ക് റെയിൽവേ സ്റ്റേഷൻ - സാങ്കൽപ്പിക ചിത്രം.
AI
ന്യൂഡൽഹി: ചിനാബ് നദിക്കു കുറുകെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയ്‌ൽ പാലം നിർമിച്ചതിനു പിന്നാലെ ഏറ്റവും ഉയരത്തിലുള്ള റെയ്ൽവേ സ്റ്റേഷൻ ഹിമാലയത്തിൽ യാഥാർഥ്യമാക്കാൻ ഇന്ത്യ. ഹിമാചൽ പ്രദേശിൽ നിന്നു ലഡാഖിലേക്ക് റെയ്‌ൽ പാത നിർമിക്കാനാണു കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. 1.31 ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതിക്ക് റെയ്‌ൽ മന്ത്രാലയം സർവെ പൂർത്തിയാക്കി വിശദ പദ്ധതി രേഖ (ഡിപിആർ) തയാറാക്കി. കേന്ദ്രത്തിൽ നിന്നു നിർമാണാനുമതി ലഭിച്ചാൽ കശ്മീരിനു പിന്നാലെ ലഡാഖും ഇന്ത്യയുടെ റെയ്‌ൽ ഭൂപടത്തിൽ ഇടം നേടും.
ഹിമാചലിലെ ബിലാസ്പുരിൽ നിന്നു മണാലി വഴി ലെയിലേക്കു 489 കിലോമീറ്റർ നീളത്തിൽ റെയ്‌ൽ പാത നിർമാണമാണു പരിഗണനയിൽ. നിർദിഷ്ട പാതയിൽ തങ്‌ലാങ് ലാ ചുരത്തിന് താഴെയായി 5,256 മീറ്റർ ഉയരത്തിൽ റെയ്‌ൽവേ സ്റ്റേഷനുണ്ടാകും. ഇത് യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയ്‌ൽവേ സ്റ്റേഷൻ എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. നിലവിൽ ക്വിങ്ഹായ്-ടിബറ്റ് റെയ്‌ൽ പാതയിൽ ചൈന നിർമിച്ച "താങ്ഗുല' (5,068 മീറ്റർ) റെയ്‌ൽവേ സ്റ്റേഷനാണു റെക്കോഡ്.
മണാലി-ലെ ഹൈവേയിൽ ഏറെ ഉയരത്തിലും ദുഷ്കരവുമായ ഭൂപ്രദേശമാണു തങ്‌ലാങ് ലാ. റോഡ് നിർമാണത്തെക്കാൾ സങ്കീർണമായ എൻജിനീയറിങ് സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും റെയ്‌ൽവേ സ്റ്റേഷൻ നിർമാണത്തിന് ആവശ്യമാണ്. ബിലാസ്പുരിൽ നിന്ന് സുന്ദർനഗർ, മണ്ടി, മണാലി, സിസു, ദർച്ച, കെയ്‌ലോങ്, സർച്ചു, പങ്, റുംത്സെ, ഉപ്ഷി, ഖാരു തുടങ്ങിയ സ്ഥലങ്ങളിലൂടെയാണു പാത ലെയിലേക്ക് എത്തുന്നത്. ഹിമാലയൻ പർവതനിരകൾ തുരന്നു വലിയ തുരങ്കങ്ങൾ നിർമിക്കേണ്ടിവരുമെന്നതാണു പദ്ധതി നേരിടുന്ന വെല്ലുവിളി.
ഡിപിആർ പ്രകാരം ആകെ 489 കിലോമീറ്ററുള്ള പാതയിൽ 270 കിലോമീറ്ററോളം തുരങ്കങ്ങളായിരിക്കും. കഠിനമായ ഭൂപ്രകൃതി, കടുത്ത കാലാവസ്ഥ, കുത്തനെയുള്ള മലഞ്ചെരുവുകൾ, ഉയർന്ന മലനിരകളിൽ ജോലി ചെയ്യുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ എന്നിവ നിർമാണത്തൊഴിലാളികൾക്ക് വലിയ വെല്ലുവിളിയാകും.
എന്നാൽ, ഇത്തരമൊരു റെയ്‌ൽപാത ഇന്ത്യയുടെ പ്രതിരോധ രംഗത്തടക്കം നിർണായകമാണ്. നിലവിൽ റോഡ്, വിമാന ഗതാഗതത്തെ മാത്രമാണ് ഈ പ്രദേശം ആശ്രയിക്കുന്നത്. മണാലി-ലെ ഹൈവേയിൽ കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും കാരണം ശൈത്യകാലത്ത് റോഡ് ഗതാഗതം തടസപ്പെടാറുണ്ട്. സൈനികർക്ക് വൻതോതിൽ സാമഗ്രികളെത്തിക്കുന്നതിൽ വ്യോമഗതാഗതത്തിനു പരിമിതികളുണ്ട്. റെയ്‌ൽ പാത വരുന്നതോടെ ലഡാക്കിലേക്ക് ആവശ്യമായ സാധനങ്ങൾ, ഉപകരണങ്ങൾ, യാത്രക്കാർ എന്നിവർക്ക് തടസ്സമില്ലാത്ത ഗതാഗത സൗകര്യം ലഭിക്കും. അതിർത്തി പ്രദേശങ്ങളിലേക്കുള്ള ലോജിസ്റ്റിക്സ് ശൃംഖലയെ ശക്തിപ്പെടുത്താനും ഇത് സഹായിക്കും.