
റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം.
ന്യൂഡല്‍ഹി: കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനായി ഇന്ത്യയും റഷ്യയും ചര്‍ച്ചകള്‍ നടത്തിവരുകയാണെന്ന് റഷ്യന്‍ പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ എസ്-400 ഉപയോഗിക്കുന്നുണ്ടെന്നും കൂടുതല്‍ വിതരണത്തിനായുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും റഷ്യയുടെ ഫെഡറല്‍ സര്‍വീസ് ഫോര്‍ മിലിട്ടറി-ടെക്‌നിക്കല്‍ കോഓപ്പറേഷന്‍ മേധാവി ദിമിത്രി ഷുഗയേവ് പറഞ്ഞു.
അഞ്ച് എസ്-400 ട്രയംഫ് സിസ്റ്റങ്ങള്‍ക്കായി 2018ല്‍ ഇന്ത്യ റഷ്യയുമായി 550 ഡോളറിന്‍റെ (ഏകദേശം 48426 കോടി രൂപ) കരാറില്‍ ഒപ്പുവച്ചിരുന്നു. എന്നാല്‍, ഈ കരാറിന് കാലതാമസം നേരിട്ടു. കരാര്‍ പ്രകാരം രണ്ട് എസ്-400 യൂണിറ്റുകള്‍ കൂടി ഇന്ത്യയ്ക്ക് റഷ്യ കൈമാറേണ്ടതുണ്ട്. 2026-2027 വര്‍ഷങ്ങളില്‍ ശേഷിക്കുന്ന എസ്-400 സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് റഷ്യ കൈമാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഷ്യയില്‍ നിന്ന് പ്രതിരോധ സംവിധാനങ്ങള്‍ വാങ്ങുന്നത് നിര്‍ത്തണമെന്ന അമെരിക്കയുടെ ആവശ്യങ്ങള്‍ക്ക് ഇന്ത്യ വഴങ്ങുന്നില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ബുധനാഴ്ച പറഞ്ഞു. ഇന്ത്യയുടെ നിലപാടിനെ മോസ്‌കോ പ്രശംസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വന്‍തോതില്‍ ഇന്ത്യ ആയുധം വാങ്ങുന്നുണ്ടെങ്കിലും ഇന്ത്യയുടെ മുന്‍നിര ആയുധ വിതരണക്കാര്‍ റഷ്യയാണ്. 2020നും 2024നുമിടയില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 36 ശതമാനവും റഷ്യയില്‍ നിന്നാണെന്നു സ്റ്റോക്ക്‌ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പറയുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനെതിരേ തിരിച്ചടിച്ചത് റഷ്യയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനമുപയോഗിച്ചായിരുന്നു. ഇന്ത്യയെ ലക്ഷ്യംവച്ച പാക്കിസ്ഥാന്‍റെ നിരവധി മിസൈലുകളെ തടഞ്ഞ് നശിപ്പിച്ചതില്‍ എസ്-400 പ്രധാന പങ്കാണു വഹിച്ചത്.
ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ ചൈനയില്‍ വച്ചു നടന്ന ഹാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തിയിരുന്നു.
സാമ്പത്തിക, ഊര്‍ജ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തെ കുറിച്ചായിരുന്നു ഇരു നേതാക്കലും പ്രധാനമായും സംസാരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഡിസംബറില്‍ പുടിന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്.