
ഗംഗാ നദീജല കരാർ പുനരവലോകനം ചെയ്യും
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള സിന്ധു നദീജലക്കരാർ മരവിപ്പിച്ചതിനു പിന്നാലെ, ബംഗ്ലാദേശുമായുള്ള ഗംഗാ നദീജല കരാർ പുനരവലോകനം ചെയ്യുന്നത് ഇന്ത്യയുടെ പരിഗണനയിൽ.
30 വർഷം കാലാവധിയുള്ള കരാർ അടുത്ത വർഷമാണ് അവസാനിക്കുന്നത്. ഇരുരാജ്യങ്ങളുടെയും സമ്മതത്തോടെ കരാർ കാലാവധി പുതുക്കുക എന്നതാണ് എളുപ്പവഴി. എന്നാൽ, പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്ത് പുതിയ രീതിയിൽ കരാർ രൂപീകരിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്.
പശ്ചിമ ബംഗാളിൽ നിന്ന് ബംഗ്ലാദേശിലേക്ക് ഒഴുകുന്ന ഗംഗാ നദിയിലെ ജലം പങ്കുവയ്ക്കുന്നതിനുള്ള കരാർ 1996ൽ ഒപ്പുവച്ചതാണ്. ഇതുപ്രകാരം എല്ലാ വർഷവും ജനുവരി ഒന്നു മുതൽ മേയ് 31 വരെയാണ് ഇന്ത്യ ബംഗ്ലാദേശിനു നദീജലം വിട്ടുകൊടുക്കുന്നത്.
1975ൽ ഇന്ത്യ നിർമിച്ച ഫറാക്ക ബാരേജ് കാരണം ഇരുരാജ്യങ്ങളും തമ്മിൽ നദീജലത്തർക്കം ഉടലെടുത്തിരുന്നു. ഗംഗയിലെ ജലം ഹൂഗ്ലി നദിയിലേക്കു തിരിച്ചുവിട്ട് കോൽക്കത്ത തുറമുഖത്ത് മതിയായ ജലനിരപ്പ് ഉറപ്പു വരുത്തുക എന്നതാണ് ഫറാക്ക ബാരേജിന്‍റെ ലക്ഷ്യം.
ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് പത്ത് കിലോമീറ്റർ ഇപ്പുറത്ത് ഭാഗീരഥി നദിയിലാണ് ബാരേജ് നിർമിച്ചിരിക്കുന്നത്. നദീജല കരാർ പ്രകാരം ഇതിൽനിന്നുള്ള വെള്ളം ഇപ്പോൾ ബംഗ്ലാദേശുമായും പങ്കുവയ്ക്കുന്നു.
അതേസമയം, ജലക്ഷാമമുള്ള സമയത്ത് ഇന്ത്യക്കു കിട്ടുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടുന്ന രീതിയിൽ കരാർ ഭേദഗതി ചെയ്യാനാണ് കേന്ദ്ര സർക്കാർ താത്പര്യപ്പെടുന്നത്. പശ്ചിമ ബംഗാൾ സർക്കാരും ഇതിനോടു യോജിക്കുന്നു.