

ഇനി എൽപിജി അമെരിക്കയിൽ നിന്ന്; ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത‍്യ
ന‍്യൂഡൽഹി: അമെരിക്കയിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇന്ത‍്യ ഒപ്പുവച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ്. സോഷ‍്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര‍്യം വ‍്യക്തമാക്കിയിരിക്കുന്നത്.
ഇന്ത‍്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു തീരുമാനമെന്നും അമെരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയതായും മന്ത്രി വ‍്യക്തമാക്കി.
ഒരു വർഷത്തെ കരാറിലാണ് ഇന്ത‍്യ ഒപ്പുവച്ചിരിക്കുന്നത്. 22 ലക്ഷം ടൺ എൽപിജി ഒരു വർഷത്തേക്ക് അമെരിക്കയിൽ നിന്നും ഇറക്കുമതി ചെയ്തേക്കുമെന്നാണ് വിവരം. സുപ്രധാന ചുവടുവയ്പ്പാണിതെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ എക്സ് പോസ്റ്റ്.