ഭീകരതയുമായി സഹകരണം: യുഎസിന് മുന്നറിയിപ്പുമായി ഇന്ത്യ

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ പ്രധാന സുരക്ഷാ ആശങ്കയായി ഇന്ത്യ കണക്കാക്കുമ്പോഴും, പാക്കിസ്ഥാനുമായി യുഎസ് സഹകരണം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് എസ്. ജയശങ്കറിന്‍റെ മുന്നറിയിപ്പ്
 External Affairs Minister S. Jaishankar

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

File

Updated on: 

ന്യൂയോർക്ക്: ഭീകരതാ ഭീഷണിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ആശങ്കകൾ മനസിലാക്കാനോ അംഗീകരിക്കാനോ തയാറാകാത്ത പങ്കാളികളുടെ നിലപാട് ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. സഖ്യകക്ഷിയായ രാജ്യം ആരോടൊക്കെ സഹകരിക്കുന്നു എന്നത് ഇന്ത്യയ്ക്കു പ്രധാനമെന്നും അദ്ദേഹം. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പ്രത്യേക സംവാദത്തിൽ ഇന്ത്യൻ-അമെരിക്കൻ സമൂഹത്തിലെ പ്രമുഖരെയും പ്രവാസി പ്രതിനിധികളെയും നയരൂപീകരണ വിദഗ്ധരെയും അഭിസംബോധന ചെയ്യുമ്പോഴാണ് യുഎസിനെ ലക്ഷ്യമിട്ട് വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്.

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ പ്രധാന സുരക്ഷാ ആശങ്കയായി ഇന്ത്യ കണക്കാക്കുമ്പോഴും, പാക്കിസ്ഥാനുമായി യുഎസ് സഹകരണം ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് ഈ പരാമർശങ്ങൾ. ഭീകരപ്രവർത്തനത്തെ സാധാരണീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ യുഎൻ പൊതുസഭയിലും ജയശങ്കർ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നതിന്‍റെ പേരിൽ ഇന്ത്യയ്ക്കെതിരേ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നികുതി ഭീഷണി മുഴക്കുന്നത് ഇരുരാജ്യങ്ങളുടെയും ബന്ധത്തിൽ വിള്ളലുണ്ടാക്കിയതിനിടെയാണ് അമെരിക്കൻ മണ്ണിൽ നിന്നു ജയശങ്കറും ശക്തമായ നിലപാട് പ്രഖ്യാപിച്ചത്.

ഞങ്ങളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിഷയം ഭീകരവാദമാണ്. അയൽരാജ്യത്ത് നിന്ന് ദശാബ്ദങ്ങളായി ബോധപൂർവമായ നയത്തിന്‍റെ ഭാഗമായി നേരിടുന്ന തരത്തിലുള്ള ഭീകരവാദം അനുഭവിക്കേണ്ടി വന്ന രാജ്യങ്ങൾ ലോകത്ത് വളരെ കുറവാണ്. സ്വന്തം താത്പര്യത്തിനുവേണ്ടി യുഎസ് പലപ്പോഴും കൈകോർത്ത രാജ്യമാണു പാക്കിസ്ഥാൻ. എന്നാൽ സെപ്റ്റംബർ 11 ആക്രമണത്തിന്‍റെ സൂത്രധാരനായ ഒസാമ ബിൻ ലാദനെപ്പോലും പാകിസ്താനിലെ സൈനിക നഗരത്തിൽ നിന്നാണ് കണ്ടെത്തിയത് എന്നത് ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. നമ്മുടെ പ്രാഥമിക ആശങ്കകളെ പങ്കാളി പൂർണമായി ഉൾക്കൊള്ളുന്നില്ലെങ്കിൽ, അത് ഉഭയകക്ഷി ബന്ധത്തെ ബാധിക്കും-ജയശങ്കർ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തോടും ഇന്ത്യയോടുമുള്ള അമെരിക്കൻ ഭരണാധികാരികളുടെ സമീപനത്തെ ആ രാജ്യത്തെ ആഭ്യന്തര രാഷ്‌ട്രീയവും സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസുമായുള്ള ബന്ധം മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, നമ്മൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് യാഥാർഥ്യബോധം വേണം. തർക്കവിഷയങ്ങളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞാൽ അത് മികച്ച ഉഭയകക്ഷി ബന്ധത്തിന് വഴിയൊരുക്കും. ലോകത്തിലെ ഭൂരിപക്ഷം രാജ്യങ്ങൾക്കും യുഎസുമായുള്ള ബന്ധത്തിൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്നുണ്ട്. വ്യാപാര ചർച്ചകൾ ഉൾപ്പെടെ നിർദിഷ്ട വിഷയങ്ങളിൽ വിയോജിപ്പുകളുണ്ടെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.

logo
Metro Vaartha
www.metrovaartha.com