

#ദീപക് പരീക്
സമ്പദ്‌വ്യവസ്ഥയുടെ ആധാരശിലയായ കാർഷിക മേഖല, ഇന്ത്യയുടെ ജനസംഖ്യയുടെ 55 ശതമാനത്തിലധികം പേരുടെ ഉപജീവനത്തെ ബാധിക്കുന്നതാണ്. ഇതു ദേശീയ സാമൂഹ്യ- സാമ്പത്തിക വികസനത്തിൽ നിർണായകവുമാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കാർഷിക ഉത്പാദകരാണെങ്കിലും, ഈ മേഖല വെല്ലുവിളികൾ നേരിട്ടു; വിശേഷിച്ചും, വിളവെടുപ്പിനു ശേഷമുള്ള പരിപാലനത്തിലും വിപണിയിലേക്കുള്ള പ്രവേശനക്ഷമതയിലും. ഈ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ഇന്ത്യാ ഗവണ്മെന്‍റ് 2020 ജൂലൈയിൽ കാർഷിക അടിസ്ഥാന സൗകര്യ നിധി (Agriculture Infrastructure Fund - AIF) സമാരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചും നഷ്ടം കുറച്ചും നൂതനാശയങ്ങൾ പ്രോത്സാഹിപ്പിച്ചും ഈ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു നടപടി.
വ്യക്തവും അതിവേഗം നടപ്പാക്കേണ്ടതുമായിരുന്നു പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഇടത്തരം വായ്പമുതൽ ദീർഘകാല വായ്പകൾക്കു വരെയുള്ള ധനസഹായം സമാഹരിക്കൽ, ഫാം ഗേറ്റ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കൽ, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കൽ, കൃഷിയിലും അനുബന്ധ മേഖലകളിലും നിക്ഷേപവും നവീകരണവും നടത്തൽ എന്നിവയാണു പദ്ധതി ലക്ഷ്യമിട്ടത്.
കാർഷിക അടിസ്ഥാന സൗകര്യ നിധി നിക്ഷേപം മാത്രമായിരുന്നില്ല; മാറ്റത്തിനുള്ള പ്രതിബദ്ധത കൂടിയായിരുന്നു. 2020-21 സാമ്പത്തിക വർഷംമുതൽ 2025-26 സാമ്പത്തിക വർഷംവരെ നീളുന്ന, ലക്ഷ്യമിട്ട അനുമതിയും വിതരണവും ഉപയോഗിച്ച്, 3% പലിശ ഇളവും വായ്പ ഉറപ്പു പരിരക്ഷയും ഉൾപ്പെടെയുള്ള സാമ്പത്തിക പിന്തുണാ സംവിധാനങ്ങളുടെ ഒന്നിച്ചു ചേർക്കൽ വാഗ്ദാനം ചെയ്യുന്നതിനാണു പദ്ധതി രൂപകൽപ്പന ചെയ്തത്. അതിലൂടെ വളർച്ചയ്ക്കും വികാസത്തിനും ഫലഭൂയിഷ്ഠമായ അടിത്തറയൊരുക്കാനും പദ്ധതി ലക്ഷ്യമിട്ടു. ഒരുലക്ഷം കോടി രൂപ ചെലവഴിച്ച് പലിശ ഇളവ്, വായ്പ ഉറപ്പ്, ആനുകൂല്യങ്ങളുടെ സംയോജനം എന്നിവയിലൂടെ കർഷകർക്കും സഹകരണ സംഘങ്ങൾക്കും കാർഷിക സംരംഭകർക്കും പദ്ധതി പുതിയ ചക്രവാളങ്ങൾ തുറന്നു.
കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ ചക്രങ്ങൾ തിരിയാൻ തുടങ്ങിയതോടെ, ഇന്ത്യയുടെ കാർഷിക മേഖല ശ്രദ്ധേയമായ പരിവർത്തനത്തിനു സാക്ഷ്യം വഹിക്കാൻ തുടങ്ങി. 2024 ഫെബ്രുവരി 15 വരെ 52,671 പദ്ധതികൾക്കായി 37,653 കോടി രൂപ അനുവദിച്ചു. അതേസമയം ഈ മേഖലയിൽ 63,580 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് 23,000 കോടി രൂപയും വിതരണം ചെയ്തു. പഞ്ചാബിലെ സമൃദ്ധമായ വയലുകൾ മുതൽ തമിഴ്‌നാട്ടിലെ ഊർജസ്വലമായ കൃഷിയിടങ്ങൾ വരെ, നിർദിഷ്ട വാടകകേന്ദ്രങ്ങൾ, സംഭരണ ശാലകൾ, ശീതീകരിച്ച സംഭരണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി പദ്ധതികൾ ഉയർന്നുവന്നു. ഇവയോരോന്നും കാർഷിക പുനരുജ്ജീവനത്തോടുള്ള രാജ്യത്തിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ്. 11,434 നിർദിഷ്ട വാടക കേന്ദ്രങ്ങൾ, 11,284 സംഭരണ ശാലകൾ, 1549 ശീതീകരിച്ച സംഭരണ സൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിളവെടുപ്പിനു ശേഷമുള്ള 51,248 സാമൂഹ്യകൃഷി ആസ്തികൾ സൃഷ്ടിക്കാൻ കാർഷിക അടിസ്ഥാന സൗകര്യ നിധി സഹായിച്ചു. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും കർഷകർക്കു വിപണി ലഭ്യത മെച്ചപ്പെടുത്തുന്നതിനും ഈ അടിസ്ഥാന സൗകര്യ വികസനം സഹായകമായി. 11 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങൾ വാർഷികാടിസ്ഥാനത്തിൽ ലാഭിക്കാനും ഹോർട്ടികൾച്ചർ ഉത്പന്നങ്ങളുടെ വിളവെടുപ്പിനു ശേഷമുള്ള നഷ്ടത്തിൽ 2.7 ലക്ഷം മെട്രിക് ടൺ കുറയ്ക്കാനും ഇതു സഹായിച്ചു. കൂടാതെ, കാർഷിക അടിസ്ഥാന സൗകര്യ നിധി സൃഷ്ടിച്ച അടിസ്ഥാന സൗകര്യങ്ങളിലൂടെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക് 11-14% കൂടുതൽ വില ലഭിക്കുമെന്നു കണക്കാക്കപ്പെടുന്നു.
കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ സ്വാധീനം വളരെ ആഴത്തിലുള്ളതാണ്. കളപ്പുരകൾ നിറയാൻ തുടങ്ങിയ ഗ്രാമങ്ങളിൽ, ശീതീകരണ സംഭരണികൾ അധ്വാനത്തിന്‍റെ ഫലം കാത്തുസൂക്ഷിച്ചു. വിളവെടുപ്പിനു ശേഷമുള്ള നഷ്ടം കുറഞ്ഞു. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുള്ള കർഷകർ, തങ്ങളുടെ ഉത്പന്നങ്ങൾക്ക് ഉയർന്ന വില ലഭിക്കുന്നതായി മനസിലാക്കി. മൺസൂൺ നദികൾ പോലെ അവരുടെ വരുമാനം കുതിച്ചുയർന്നു. 5.1 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ചതിലൂടെ 24,000ത്തിലധികം കാർഷിക സംരംഭകരുടെ വിത്തുകൾ വിതച്ചു സമൃദ്ധിയുടെ കാലയളവിനു തുടക്കം കുറിച്ചു.
തിരശീലയ്ക്കു പിന്നിൽ, തന്ത്രങ്ങളുടെ മേളക്കൊഴുപ്പു തന്നെയുണ്ടായി. ആപ്ലിക്കേഷനുകൾ ഉദയം ചെയ്യുകയും തഴച്ചുവളരുകയും ചെയ്യുന്ന ഡിജിറ്റൽ മണ്ണായി കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ ഓൺലൈൻ പോർട്ടൽ മാറി. ബോധവത്കരണ യജ്ഞങ്ങൾ സമൂഹമാധ്യമങ്ങളിലുടനീളം വ്യാപിച്ചു. അതേസമയം സമ്മേളനങ്ങളും പ്രദർശനങ്ങളും ഇക്കാര്യം എല്ലായിടത്തും പ്രചരിപ്പിച്ചു. ഓരോ ഉദ്യമവും, ശ്രദ്ധാപൂർവം പരിപാലിച്ച വിളപോലെ, പദ്ധതിയുടെ വർധിച്ചുവരുന്ന വിജയത്തിനു സംഭാവന നൽകി. കാർഷിക അടിസ്ഥാന സൗകര്യ നിധി പോർട്ടൽ ഏകദേശം 0.99 ലക്ഷം ബാങ്ക് ശാഖകളുടെ സംയോജനത്തിലേക്കു നയിച്ചു. രജിസ്റ്റർ ചെയ്ത 1.27 ലക്ഷം അപേക്ഷകരുമുണ്ട്. ഗുണഭോക്താക്കൾ, വായ്പ നൽകുന്ന സ്ഥാപനങ്ങൾ, പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റു സുപ്രധാന പങ്കാളികൾ എന്നിവർക്കുള്ള ഏകീകൃത സംവിധാനമായി പോർട്ടൽ നിലകൊള്ളുന്നു. ഇത് സുതാര്യത വളർത്തുകയും വായ്പാ അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുകയും ചെയ്യുന്നു. എല്ലാ കക്ഷികൾക്കും അവരുടെ സാമ്പത്തിക ഇടപെടലുകൾക്കായി സുഗമവും കാര്യക്ഷമവുമായ സംവിധാനത്തിലേക്കു പ്രവേശനം ഉണ്ടെന്ന് ഇതുറപ്പാക്കുന്നു.
കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ കഥ ഇന്ത്യയുടെ കാർഷിക മേഖലയിലുടനീളം വികസിക്കുമ്പോൾ, പ്രതീക്ഷയുടെയും പുരോഗതിയുടെയും ആഖ്യാനമാണു നെയ്തെടുക്കുന്നത്. മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങൾ, നഷ്ടം കുറയ്ക്കൽ, കർഷകരെ ശാക്തീകരിക്കൽ എന്നിവയാൽ അടയാളപ്പെടുത്തിയ ഈ പദ്ധതിയുടെ പൈതൃകം, ഇന്ത്യയിലെ കൃഷി അതിജീവനത്തിനുള്ള ഉപാധിയെന്ന നിലയിൽ മാത്രമല്ല, അഭിവൃദ്ധി പ്രാപിക്കുന്നതും ഊർജസ്വലവുമായ ഭാവിമേഖല വാഗ്ദാനം ചെയ്യുന്ന സങ്കേതമായും നിലകൊള്ളുന്നു. ഈ ഭാവിയിൽ, വയലുകൾക്കു മുകളിൽ സൂര്യൻ ഉദിക്കുമ്പോൾ, രൂപാന്തരം പ്രാപിച്ച ഭൂമിയെയാണു പ്രകാശിപ്പിക്കുന്നത്. കാർഷിക അടിസ്ഥാന സൗകര്യ നിധിയുടെ തുള്ളികളാൽ പരിപോഷിപ്പിക്കപ്പെടുന്ന ഇന്ത്യയുടെയും കർഷകരുടെയും ശാശ്വതചൈതന്യത്തിന്‍റെ തെളിവാണിത്.
(കാർഷിക സാങ്കേതികവിദ്യാ വിദഗ്ധനും സംരംഭകനും നിക്ഷേപകനും ഉപദേഷ്ടാവുമാണു ലേഖകൻ).