
ആഗ്ര: ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ് -29 വിമാനം തകർന്നു വീണു. പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു. വിമാനം വീഴുന്നതിനു തൊട്ടുമുൻപ് പൈലറ്റ് പുറത്തേക്കു ചാടുകയായിരുന്നു. നിലത്തുവീണ വിമാനത്തിനു തീ പിടിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രതികരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്–29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. ആധുനികവൽക്കരിച്ച മിഗ് -29 യുപിജി വിമാനമാണ് അപകടത്തിൽപെട്ടത്.