
വെയിൽസിലേയ്ക്ക് ഇന്ത്യൻ വ്യോമസേനയുടെ രണ്ടു പരിശീലകർ
file photo
ന്യൂഡൽഹി: ലണ്ടനിലെ റോയൽ എയർഫോഴ്സ്(ആർഎഎഫ്) യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന(ഐഎഎഫ്) ഇനി പരിശീലനം നൽകും. ഇന്ത്യൻ വ്യോമസേനയിലെ രണ്ടു പരിശീലകരാണ് ഇതിനായി വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലെ ആർഎഎഫ് എയർ ക്രൂ ഓഫീസർമാർക്ക് പരിശീലനം നൽകുക എന്ന് റിപ്പോർട്ട്. 2026 ഒക്റ്റോബറിനു ശേഷമായിരിക്കും ഒരു വർഷം നീണ്ടു നിൽക്കുന്ന പരിശീലനം ആരംഭിക്കുക.യുകെയിലെ അടുത്ത തലമുറയിലെ യുദ്ധവിമാന പൈലറ്റുമാർക്ക് ബിഎഇ ഹോക്ക് ടിഎംകെ2 വിൽ പരിശീലനം നൽകുന്നത് വെയിൽസിലെ ഫ്ലൈയിങ് ട്രെയിനിങ് സ്കൂളിലാണ്. ടൈഫൂൺ,എഫ് 35 തുടങ്ങിയ യുദ്ധ വിമാനങ്ങളിൽ പരിശീലനം നേടുന്ന പൈലറ്റുമാർക്കാണ് ഇന്ത്യൻ വ്യോമസേനയിലെ രണ്ട് ഇൻസ്ട്രക്റ്റർമാർ പരിശീലനം നൽകുക.
വിദേശ പരിശീലകരുടെ കീഴിൽ പരിശീലനം നേടുന്നത് ഗുണകരമാകുമെന്നാണ് യുകെ റോയൽ എയർഫോഴ്സിന്‍റെ വിലയിരുത്തൽ.കഴിഞ്ഞ ദിവസം വേൾഡ് ഡയറക്റ്ററി ഒഫ് മോഡേൺ മിലിറ്ററി എയർക്രാഫ്റ്റ് യുഎസിനും റഷ്യയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയുള്ള രാജ്യമായി ഇന്ത്യയെ തെരഞ്ഞെടുത്തിരുന്നു. ഈ റാങ്കിങ് പ്രകാരം എട്ടാം സ്ഥാനത്താണ് യുകെയുടെ റോയൽ എയർഫോഴ്സ്.