
നേപ്പാളിൽ നിന്നും ജയിൽ ചാടി രക്ഷപ്പെട്ട 60 തടവുകാരെ ഇന്ത്യൻ അതിർത്തിയിൽ പിടികൂടി
ന്യൂഡൽഹി: നേപ്പാളിൽ നിന്നും അതിർത്തികൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച 60 പേരെ അതിർത്തി കാക്കുന്ന സായുധ പൊലീസ് സേന സശസ്ത്ര സീമ ബെൽ (അതിർത്തി സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ള, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സായുധ പൊലീസ് സേനയാണ് എസ്എസ്ബി) പിടികൂടി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉത്തർപ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ അതിർത്തികളിൽ നിന്നാണ് എസ്എസ്ബി സേന ഇവരെ പിടികൂടിയത്. പിടികൂടിയവരിൽ അധികവും നേപ്പാളികളാണെന്നാണ് വിവരം. രാജ്യത്തെ ജെൻ സി പ്രക്ഷോഭത്തിനിടെ ജയിൽ ചാടിയവരാണ് ഇവരെന്നാണ് വിവരം.
ഇവരെ അതത് സംസ്ഥാന പൊലീസ് സേനയ്ക്ക് കൈമാറിയതായും ചോദ്യം ചെയ്തുവരികയാണെന്നും അവർ പറഞ്ഞു. എന്നാൽ പിടിയിലായവരിൽ രണ്ടോ മൂന്നോ പേർ ഇന്ത്യൻ വംശജരാണെന്ന് അവകാശപ്പെടുന്നതായും ഇതിന്‍റെ സത്യാവസ്ഥ പരിശോധിച്ച് വരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.