
എയർ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ എയർമാർഷൽ അവധേശ് കുമാർ ഭാരതി, ഡിജിഎംഒ ലെഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായ്, നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവർ വാർത്താസമ്മേളനത്തിൽ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്‍റെ വിജയം തെളിവുകള്‍ നിരത്തി വിശദീകരിച്ച് സേനാ നേതൃത്വം. ഡിജിഎംഒയുടെ നേതൃത്വത്തിൽ കര, നാവിക, വ്യോമ സേനകളിലെ ഉന്നത ഉദ്യോഗസ്ഥർ നടത്തിയ അസാധാരണ വാർത്താ സമ്മേളനത്തിൽ കഴിഞ്ഞ ഏഴു മുതൽ 10ന് വെടിനിർത്തൽ പ്രഖ്യാപിക്കുന്നതുവരെയുള്ള പാക് പ്രകോപനത്തെയും തിരിച്ചടിയെയും സംബന്ധിച്ച് ലോകത്തിനു മുന്നിൽ വിശദീകരിച്ചു.
ഭീകരക്യാംപുകളിലും പാക് വ്യോമതാവളങ്ങളിലും നടത്തിയ ആക്രമണങ്ങളും നാശനഷ്ടങ്ങളും ചിത്രങ്ങൾ ഉൾപ്പെടെ പുറത്തുവിട്ടാണ് തുറന്നുകാട്ടിയത്. പാക്കിസ്ഥാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ ശക്തമായി പ്രതിരോധിച്ചെന്നും മൂന്നു ഡ്രോണുകൾ മാത്രമാണ് ഇന്ത്യൻ മണ്ണിൽ പതിച്ചതെന്നും ഡിജിഎംഒ ലെഫ്റ്റനന്‍റ് ജനറൽ രാജീവ് ഘായ് വ്യക്തമാക്കി. ഇവയ്ക്കു കാര്യമായ ഒരു ആഘാതവുമുണ്ടാക്കാനായില്ലെന്നും അദ്ദേഹം. എന്നാൽ, പാക്കിസ്ഥാന്‍റെ നിരവധി വിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും ഇന്ത്യ തകർത്തു. ഭീകരർക്കു തിരിച്ചടി നൽകുക എന്നതായിരുന്നു നമ്മുടെ ലക്ഷ്യം. അതു നമ്മൾ നേടി.
എയർ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ എയർമാർഷൽ അവധേശ് കുമാർ ഭാരതി, നേവൽ ഓപ്പറേഷൻസ് ഡയറക്റ്റർ ജനറൽ വൈസ് അഡ്മിറൽ എ.എൻ. പ്രമോദ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മേയ് 7ലെ ആക്രമണത്തിൽ തകർത്തത് 9 ഭീകര കേന്ദ്രങ്ങൾ. 100ലധികം ഭീകരരെ വധിച്ചു. കാന്ധഹാർ വിമാനറാഞ്ചൽ, പുൽവാമ ആക്രമണം എന്നിവയ്ക്കു പിന്നിൽ പ്രവർത്തിച്ച കൊടുംഭീകർ യൂസുഫ് അസര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് എന്നിവരും കൊല്ലപ്പെട്ടു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് ചില കേന്ദ്രങ്ങളിൽ നിന്നു ഭീകരരെ മാറ്റിയിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് ആക്രമണ ലക്ഷ്യം തീരുമാനിച്ചത്. മുരിദ്കെയിൽ തകർത്തത് കസബിനും ഹെഡ്‌ലിക്കും പരിശീലനം നൽകിയ കേന്ദ്രം. ബഹാവൽപുരിലേത് ജയ്ഷ് ഇ മുഹമ്മദിന്‍റെ പ്രധാന കേന്ദ്രം.
90 മണിക്കൂർ നീണ്ടു നിന്ന സംഘർഷത്തിൽ 35- 40 പാക് സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയിലെ വെടിവയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇന്ത്യയ്ക്ക് അഞ്ചു ജവാന്മാരെ നഷ്ടമായി. നിയന്ത്രണ രേഖയിലെ വെടിവയ്പ്പിലാണ് ഇവർ വീരമൃത്യു വരിച്ചത്.
പാക്കിസ്ഥാന്‍റെ ജെറ്റ് വിമാനങ്ങൾ വെടിവച്ചിട്ടെന്ന് എയർമാർഷൽ എ.കെ. ഭാരതി അറിയിച്ചു. പാക് ഡ്രോണുകളും തകർത്തു. പാക് വിമാനങ്ങളെ ഇന്ത്യൻ വ്യോമപരിധിയിൽ കടക്കാൻ അനുവദിച്ചില്ല. പാക്കിസ്ഥാനിലെ വ്യോമതാവളങ്ങളും റഡാർ സ്റ്റേഷനുകളും തകർത്തു. റഫീഖി, ചുനിയാൻ, സർഗോധ, റഹിംയാർഖാൻ, സുക്കൂർ, ഭോലാരി, ജക്കോബാബാദ് അടക്കമുള്ള വ്യോമതാവളങ്ങളും പസ്‌രുരിലെ റഡാർ കേന്ദ്രവും തകർത്തു. പാക്കിസ്ഥാന്‍റെ ഏതു സംവിധാനവും തകർക്കാൻ നമുക്കു കഴിയുമെന്നു തെളിയിച്ചെന്നും അദ്ദേഹം. പാക് സേനയുടെ എഫ് 16, ജെഎഫ് 17 യുദ്ധവിമാനങ്ങൾ സ്ഥിതി ചെയ്യുന്ന താവളമാണ് സർഗോധ.
ഇന്ത്യയുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരാണെന്ന് സേനാ നേതൃത്വം. റഫാൽ വിമാനം പാക്കിസ്ഥാൻ തകർത്തോ എന്ന ചോദ്യത്തിന്, ഇന്ത്യൻ വിമാനങ്ങൾ തകർന്നോ, പാക്ക് വിമാനങ്ങൾ ഏതൊക്കെ തകർന്നു എന്നതുപോലുള്ള കാര്യങ്ങൾ ഈ ഘട്ടത്തിൽ വിശദീകരിക്കാനാകില്ലെന്ന് എ.കെ. ഭാരതി. സംഘർഷം അവസാനിച്ചിട്ടില്ല. ഈഘട്ടത്തിൽ അത്തരം വെളിപ്പെടുത്തലുകൾ എതിരാളികൾക്ക് അനുകൂലമാകും. നഷ്ടങ്ങളും യുദ്ധത്തിന്‍റെ ഭാഗമാണ്.
ഇനി ഇന്ത്യയ്ക്കെതിരേ എന്തെങ്കിലും നടപടിക്കു തുനിയും മുൻപ് പാക്കിസ്ഥാൻ ആലോചിക്കുമെന്നു വൈസ് അഡ്മിറൽ എ.എൻ. പ്രമോദി. അവർക്കറിയാം നമ്മൾ എന്താകും തിരിച്ചുകൊടുക്കുകയെന്ന്. നാവികസേന അറബിക്കടലിൽ പൂർണ സജ്ജമായിരുന്നു. പ്രതിരോധത്തിന്‍റെ ഭാഗമായാണു നിലകൊണ്ടത്. വേണ്ടിവന്നാൽ കറാച്ചിയിൽ തിരിച്ചടിക്ക് സജ്ജമായിരുന്നു. എല്ലാത്തരത്തിലും അറബിക്കടലിൽ ഇന്ത്യയുടെ പൂർണ ആധിപത്യമുണ്ടായിരുന്നു.