

മോഹൻ ഭാഗവത്
ന്യൂയോർക്ക്: അമെരിക്കയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും കഴിയുന്ന ഇന്ത്യൻ പ്രവാസികൾ തങ്ങൾ ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്യുന്ന രാജ്യത്തോട് വിശ്വസ്തരായിരിക്കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ശനിയാഴ്ച ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ ഇൻഫോസിസ് തിയെറ്ററിൽ നടന്ന സമ്മേളനത്തിൽ 6,000ത്തിലധികം വരുന്ന ഇന്ത്യൻ-അമെരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“നമ്മുടെ കടമ എന്താണ്? നമ്മൾ അമെരിക്കയിലാണ്. ഇവിടെ ജീവിക്കുകയും ഇവിടെ സമ്പാദിക്കുകയും ചെയ്യുന്നു. അതിനാൽ അമെരിക്കയോട് സത്യസന്ധമായി പെരുമാറണം. ഭാരതത്തിൽ ജനിച്ചവർക്ക് അവരുടെ കർമഭൂമിയോട് കടമയുണ്ട്. അത് അവർ നിറവേറ്റണം. അവരുടെ കർമഭൂമിയോട് അവർ വിശ്വസ്തരായിരിക്കണം, കാരണം ഭാരതമാണ് അവരുടെ ജന്മഭൂമി”- ഭാഗവത് പറഞ്ഞു.
കർമഭൂമിയോടുള്ള കടമ നിറവേറ്റിയശേഷം ജന്മഭൂമിക്കായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഉണ്ടെങ്കിൽ അത് ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അത് നിർബന്ധമല്ല. ഇന്ത്യയുടെയും അമെരിക്കയുടെയും ‘ഡിഎൻഎയിൽ’ തന്നെ ഏകതയും വൈവിധ്യവും ഉൾക്കൊള്ളുന്നുണ്ട്. “വൈവിധ്യത്തിൽ ഏകത എന്ന ആശയം ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും ഇടയ്ക്കിടെ ലോകത്തെ അത് ഓർമിപ്പിക്കാനുമാണ് ഭാരതം ശ്രമിക്കുന്നത്. നമ്മൾ ഒന്നാണ്. വൈവിധ്യം ആ ഏകതയെ കൂടുതൽ മനോഹരമാക്കുന്നു. അതിനാൽ വൈവിധ്യത്തെ ആഘോഷിക്കുകയും ബഹുമാനിക്കുകയും അംഗീകരിക്കുകയും വേണം. അതേസമയം ഏകതയുടെ ഈ വികാരം മനസിൽ സൂക്ഷിക്കണം”- ആർഎസ്എസ് മേധാവി പറഞ്ഞു.
അമെരിക്കൻ ഹിന്ദൂസ് ഫോർ എൻഗേജ്മെന്‍റ് ആൻഡ് ഡയലോഗാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ-അമെരിക്കൻ കുട്ടികളുടെ സാംസ്കാരിക പരിപാടിയോടെയാണ് സമ്മേളനം ആരംഭിച്ചത്. പാട്ടും നൃത്തവും ഉൾപ്പെടെയുള്ള പരിപാടികളിലൂടെ ഇന്ത്യയുടെയും ലോകത്തിന്‍റെയും സംഗീത വൈവിധ്യം കുട്ടികൾ അവതരിപ്പിച്ചു. ആഫ്രിക്ക, ലാറ്റിൻ അമെരിക്ക, ചൈന, യൂറോപ്പ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ സംസ്കാരങ്ങളും കലാപരിപാടികളിലൂടെ അവതരിപ്പിച്ചിരുന്നു.
പ്രവാസി സമൂഹാംഗങ്ങൾ, ഇന്ത്യൻ-അമെരിക്കൻ വ്യവസായ പ്രമുഖർ, സാമൂഹിക നേതാക്കൾ എന്നിവരുമായി ഭാഗവത് കൂടിക്കാഴ്ചയും നടത്തിയിരുന്നു. ഭാഗവത് മുഖ്യപ്രഭാഷണം നടത്തുന്നതിന് മുൻപ് വിവിധ മതനേതാക്കളും വേദിയിൽ സംസാരിച്ചു.