

ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎഇ സന്ദർശിച്ചു
അബുദാബി: യുഎഇ സന്ദർശനത്തിന്‍റെ ഭാഗമായി അബുദാബിയിലെത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യുഎഇ വൈസ് പ്രസിഡന്‍റും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ചർച്ചയെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു.
സാമ്പത്തികം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നത് സംബന്ധിച്ചായിരുന്നു ചർച്ചയെന്ന് എസ്. ജയശങ്കർ പിന്നീട് എക്സിൽ കുറിച്ചു. ചർച്ചകൾ ഏറെ ക്രിയാത്മകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി പിന്നീട് അബുദാബിയിലെ നിക്ഷേപക സ്ഥാപനമായ മുബാദല ഇൻവെസ്റ്റ്മെന്‍റ്സ് കമ്പനി സിഇഒ ഖൽദൂൻ ഖലീഫ അൽ മുബാറക്കുമായി കൂടിക്കാഴ്ച നടത്തി. ആഗോള സാമ്പത്തിക ചലനങ്ങളെക്കുറിച്ച സംഭാഷണത്തിൽ ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ ഊർജിതമാക്കേണ്ടതിന്‍റെ ആവശ്യകത ചർച്ചയായതായി മന്ത്രി പറഞ്ഞു. സാമ്പത്തിക സഹകരണം ശക്തമാക്കേണ്ട മേഖലകൾ അവതരിപ്പിച്ചതിന് എസ്. ജയശങ്കർ സിഇഒക്ക് നന്ദി അറിയിച്ചു.