
സിംഗപ്പൂരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; ഇന്ത്യൻ വംശജന് ശിക്ഷ
സിംഗപ്പൂർ: സിംഗപ്പൂരിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഇന്ത്യൻ വംശജനെ ശിക്ഷിച്ച് കോടതി. അങ്കിത് ശർമയെന്ന 46 കാരനെയാണ് കോടതി ശിക്ഷിച്ചത്. ചൂരൽ കൊണ്ടുളള അടിക്കും നാല് വർഷം തടവിനുമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
2023 ലാണ് അങ്കിത് യുവതിയെ ഒരു സഹപ്രവർത്തക വഴി പരിചയപ്പെടുന്നത്. ചാൻഗീ സിറ്റി പോയിന്‍റ് മാളിൽ വച്ചായിരുന്നു ഇവർ പരിചയപ്പെട്ടത്. ആദ്യം ജോലി സംബന്ധമായ കാര്യങ്ങളായിരുന്നു യുവതിയുമായി അങ്കിത് സംസാരിച്ചിരുന്നത്. എന്നാൽ പിന്നീട് അത് അശ്ലീല രീതിയിലേക്കുളള സംസാരം അയപ്പോൾ യുവതി അതിനെ എതിർക്കുകയായിരുന്നു.
പിന്നീട് അവിടെ നിന്ന് വാഷ്റൂമിലേക്ക് പോകുകയായിരുന്നു. വാഷ്റൂമിൽ പോയി തിരിച്ച് വരുന്നതിനിടെ അങ്കിത് ബലമായി പിടിച്ച് അടുത്തുളള നഴ്സിങ് റൂമിലേക്ക് യുവതിയെ വലിച്ച് കൊണ്ടുപോവുകയും അവിടെ വച്ച് യുവതിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്തതോടെ യുവതിയെ അങ്കിത് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
എന്നാൽ അങ്കിത് ഈ ആരോപണങ്ങൾ എതിർക്കുകയാണ് ഉണ്ടായത്. യുവതിയുടെ സമ്മത പ്രകാരമാണ് ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് അങ്കിത് പറഞ്ഞത്. യുവതിയുടെ വായ്നാറ്റത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് യുവതി അസ്വസ്ഥയായതെന്നും അങ്കിത് പറഞ്ഞു. എന്നാൽ ഈ വാദങ്ങളെല്ലാം തളളിക്കൊണ്ട് യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.