മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന

കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം യുഎസ് നാവികസേനയാണ് ഇന്ത്യന്‍ നാവികസേനയെയും പ്രദേശത്തെ തീരദേശ അധികൃതരെയും അറിയിച്ചത്
indian sailors rescued in oman maritime incident

മുങ്ങിയ കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്തി യുഎസ് സേന

Updated on

ന്യൂഡല്‍ഹി: ഞായറാഴ്ച രാവിലെ ഒമാന്‍ തീരത്ത് റാസ് അല്‍ ഹാദില്‍ നിന്ന് ഏകദേശം 80 നോട്ടിക്കല്‍ മൈല്‍ കിഴക്ക് ഇന്ത്യന്‍ പതാക വഹിച്ച ചരക്ക് കപ്പല്‍ എംഎസ്‌വി വിരാട് 1 മുങ്ങി. തുടര്‍ന്ന് കപ്പലിലെ 14 ഇന്ത്യന്‍ നാവികരെ രക്ഷപ്പെടുത്താന്‍ യുഎസ് നാവികസേന രംഗത്തുവന്നു. ഇക്കാര്യം മസ്‌കറ്റിലെ ഇന്ത്യന്‍ എംബസിയാണ് ഞായറാഴ്ച അറിയിച്ചു.

കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം യുഎസ് നാവികസേനയാണ് ഇന്ത്യന്‍ നാവികസേനയെയും പ്രദേശത്തെ തീരദേശ അധികൃതരെയും അറിയിച്ചത്. ഇതിനു പുറമെ യുഎസ് നാവികസേനയുടെ പി8 മാരിടൈം പട്രോള്‍ വിമാനം അപകടസ്ഥലത്തേയ്ക്ക് എത്തുകയും ചെയ്തു. വിമാനത്തിന്‍റെ സഹായത്തോടെ വിന്യസിച്ച ഒരു ബോട്ടിലേക്ക് 14 ഇന്ത്യന്‍ നാവികരെയും സുരക്ഷിതമായി മാറ്റി. ഈ സമയത്തെല്ലാം രക്ഷാപ്രവര്‍ത്തനങ്ങളെ വിമാനം കൃത്യമായി നിരീക്ഷിക്കുകയും ചെയ്തു.

പ്രദേശത്തു കൂടെ നീങ്ങുകയായിരുന്ന എംവി ജബല്‍ അലി 9 എന്ന ചരക്ക് കപ്പലിനോട് റൂട്ട് മാറ്റി അപകടസ്ഥലത്തേയ്ക്ക് എത്താനും യുഎസ് വിമാനം നിര്‍ദേശം കൊടുത്തു. അപകടസ്ഥലത്തിന് അടുത്തായിരുന്നതിനാല്‍ എംവി ജബല്‍ അലി അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികരെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പ്രാദേശിക അധികാരികളുമായി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.

കപ്പലിന്‍റെ എന്‍ജിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഏതെങ്കിലും തരത്തിലുള്ള ആക്രമണം കപ്പലിന് നേരെ ഉണ്ടായിട്ടില്ലെന്നും എംബസി വ്യക്തമാക്കി. കഴിഞ്ഞയാഴ്ച പ്രദേശത്ത് സഞ്ചരിച്ച മൂന്ന് കപ്പലിനു നേരെ ആക്രമണമുണ്ടായിരുന്നു. മൂന്ന് കപ്പലിലും ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നു. ആക്രമണത്തില്‍ ഒരു കപ്പലിലെ മൂന്ന് ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ന്യൂഡല്‍ഹി രണ്ട് തവണ യുഎസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com