
ചെന്നൈ: ജമൈക്കയിൽ ഇന്ത്യക്കാരനെ കൊള്ള സംഘം വെടിവച്ച് കൊലപ്പെടുത്തി. തമിഴ്നാട് തിരുനെൽവേലി സ്വദേശി വിഗ്നേഷ് നാഗരാജൻ (31) ആണ് മരിച്ചത്. വെടിവയ്പ്പിൽ മറ്റ് 2 ഇന്ത്യക്കാർക്കും പരുക്കറ്റു. ജമൈക്കയിൽ തെങ്കാശി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റിൽ പ്രാദേശിക സമയം ചൊവ്വാഴ്ച വൈകിട്ട് 4.30 ഓടെയാണ് സംഭവം.
വിഘ്‌നേഷ് അടക്കം 4 തമിഴ്നാട്ടുകാർ ഇവിടെ ജോലി ചെയുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തോക്കുധാരികളായ കവര്‍ച്ചാ സംഘം എത്തിയപ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ ഓടിമാറുകയായിരുന്നു. എന്നാൽ വിഘ്നേഷ് ഉൾപ്പെടെയുള്ളവർക്ക് ഓടിമാറാനായില്ല.
കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്‍പ്പെടെയുള്ളവ നൽകിയിട്ടും കവര്‍ച്ചാ സംഘം വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ വിഘ്‌നേഷ് സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. പരുക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ആണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.