

പെഷവാർ: ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിൽ പോയ ഇന്ത്യൻ യുവതി ഓഗസ്റ്റ് 20നു മുൻപ് തിരിച്ചെത്തുമെന്ന് സുഹൃത്ത്. ഇതിൽ പ്രണയബന്ധമൊന്നുമില്ലെന്നും, തങ്ങൾ വിവാഹം കഴിക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നും നസറുള്ള എന്ന ഇരുപത്തൊമ്പതുകാരൻ അറിയിച്ചു.
ഉത്തർ പ്രദേശിൽ ജനിച്ച് രാജസ്ഥാനിൽ ജീവിക്കുന്ന അഞ്ജുവാണ് നസറുള്ളയെ കാണാൻ പാക് ഗ്രാമത്തിലേക്കു പോയിരിക്കുന്നത്. മുപ്പത്തിനാലുകാരിയായ അഞ്ജു വിവാഹിതയുമാണ്.
അതേസമയം, സീമ ഹൈദർ എന്ന പാക് യുവതി ഇന്ത്യയിൽ വന്നതുപോലെ അനധികൃതമായല്ല അഞ്ജുവിന്‍റെ യാത്ര. പാക് വിസ സമ്പാദിച്ചു തന്നെയാണ് പോയിരിക്കുന്നത്. വിസ കാലാവധി കഴിയുന്നത് ഓഗസ്റ്റ് 20നാണ്.
2019ലാണ് ഇരുവരും ഫെയ്സ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. തന്‍റെ വീട്ടിലെ മറ്റു സ്ത്രീകളോടൊപ്പം പ്രത്യേകം മുറിയിലാണ് അഞ്ജു താമസിക്കുന്നതും നസറുള്ള പറയുന്നു.
അഞ്ജുവിന് 30 ദിവസത്തെ വിസ അനുവദിച്ചിട്ടുള്ളതായി ന്യൂഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനും സ്ഥിരീകരിച്ചിട്ടുണ്ട്.