രാജ്യത്തെ ഏറ്റവും വലിയ വ്യോമതാവളം ഖജുരാഹോയിൽ സ്ഥാപിച്ചേക്കും

വ്യോമതാവളം സ്ഥാപിക്കാൻ അടുത്തിടെ പ്രയാഗ്‌രാജ്, ഝാൻസി, ഗ്വാളിയർ, ഖജുരാഹോ എന്നീ വിമാനത്താവളങ്ങളിൽ സർവെ നടത്തിയിരുന്നു
രാജ്യത്തെ ഏറ്റവും വലിയ വ്യോമതാവളം ഖജുരാഹോയിൽ | India's biggest air base at Khajuraho

ഖജുരാഹോ വിമാനത്താവളം.

File

Updated on

ഖജുരാഹോ: രാജ്യാന്തര ടൂറിസം ഭൂപടത്തിൽ ഇടംനേടിയ, മധ്യപ്രദേശിലെ പൈതൃക നഗരം ഖജുരാഹോ ഇന്ത്യയുടെ പ്രതിരോധ ഭൂപടത്തിലെ നിർണായക കേന്ദ്രമാകുന്നു. ഖജുരാഹോയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യോമതാവളം സ്ഥാപിക്കാൻ പ്രാഥമിക നടപടികൾ തുടങ്ങി. പോർവിമാനങ്ങൾ, സൈനിക ചരക്കുവിമാനങ്ങൾ തുടങ്ങിയവയുടെയെല്ലാം പ്രധാന കേന്ദ്രമാക്കാൻ കഴിയുന്ന വ്യോമതാവളമാണു പ്രതിരോധ വകുപ്പിന്‍റെ ലക്ഷ്യം.

ഖജുരാഹോ അന്താരാഷ്‌ട്ര വിമാനത്താവളത്തോടു ചേർന്ന് 1000 ഏക്കർ ഭൂമി ഇതിനായി കണ്ടുവച്ചു. അനുമതി കിട്ടിയാൽ അടുത്തവർഷം ആദ്യം ഇത് ഏറ്റെടുക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങുമായി പദ്ധതി സംബന്ധിച്ച് നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് മധ്യപ്രദേശ് ബിജെപി മുൻ അധ്യക്ഷൻ കൂടിയായ എംപി വിഷ്ണുദത്ത് ശർമ പറഞ്ഞു.

വ്യോമതാവളം സ്ഥാപിക്കാൻ അടുത്തിടെ പ്രയാഗ്‌രാജ്, ഝാൻസി, ഗ്വാളിയർ, ഖജുരാഹോ എന്നീ വിമാനത്താവളങ്ങളിൽ സർവെ നടത്തിയിരുന്നു. ഖജുരാഹോയാണ് ഇതിൽ ഏറ്റവും യോജിച്ച കേന്ദ്രമായി കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഖജുരാഹോയെ തെരഞ്ഞെടുക്കാൻ നിരവധി ഘടകങ്ങളാണ് പ്രതിരോധ വിദഗ്ധർക്ക് പിന്തുണ. പ്രദേശത്തെ കുറഞ്ഞ ജനവാസമാണ് ഇതിൽ പ്രധാനം. ഭാവിയിൽ വികസനത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കാൻ തടസമുണ്ടാവില്ല. പാക്കിസ്ഥാൻ അതിർത്തിയോട് ഏറെ അകലത്തിലോ അടുത്തോ അല്ലെന്നതാണ് സൈനിക നേതൃത്വം മുൻഗണന നൽകുന്ന ഘടകം. അതിവേഗം പടയൊരുക്കം നടത്താൻ ഇതുമൂലം സാധിക്കും.

മികച്ച കാലാവസ്ഥ, സമതലം, ടൂറിസം ഭൂപടത്തിലുള്ളതിനാൽ മികച്ച റോഡ്, വിമാന ശൃംഖല തുടങ്ങിയവയും സേന പരിഗണിക്കുന്ന ഘടകങ്ങളാണ്. മധ്യപ്രദേശിൽ ഗ്വാളിയറിൽ മാത്രമാണു നിലവിൽ വ്യോമതാവളമുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com