
ന്യൂഡൽഹി: രാജ്യത്തെ ആദ്യ റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഡൽഹി - ഘാസിയാബാദ് - മീററ്റ് റൂട്ടിൽ ഓടിത്തുടങ്ങി. സാഹിബാബാദ് റാപിഡ്എക്സ് സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ട്രെയ്‌ൻ ഫ്ലാഗ് ഓഫ് ചെയ്തു.
ഡൽഹി - മീററ്റ് റെയിൽ അധിഷ്ഠിത, സെമി ഹൈസ്പീഡ്, ഹൈ-ഫ്രീക്വൻസി കമ്മ്യൂട്ടർ ട്രാൻസിറ്റ് സിസ്റ്റത്തിന് 2019 മാർച്ച് 8നാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്. കൊവിഡ് മൂലമാണു നിർമാണത്തിൽ താമസം വന്നത്. പൂർണമായും ഇന്ത്യൻ നിർമിതമാണ് ആർആർടിഎസ്. പരമാവധി വേഗം 180 കിലോമീറ്റർ. ഓരോ 15 മിനിറ്റിലും ഇന്‍റർസിറ്റി യാത്രയ്‌ക്കായി അതിവേഗ ട്രെയ്‌നുകൾ ഓടും. ഇത് ആവശ്യാനുസരണം ഓരോ 5 മിനിറ്റിലും സർവീസ് നടത്താനുമാകും.
ദേശീയ തലസ്ഥാന മേഖലയിൽ എട്ട് ആർആർടിഎസ് ഇടനാഴികളാണു വികസിപ്പിക്കുക. അതിൽ ഡൽഹി - ഘാസിയാബാദ് - മീററ്റ് ഉൾപ്പെടെ മൂന്ന് ഇടനാഴികൾ ഒന്നാം ഘട്ടത്തിൽ നടപ്പിലാക്കുന്നതിന് മുൻഗണന നൽകി. ഡൽഹി - ഗുരുഗ്രാം - എസ്എൻബി - ആൽവാർ, ഡൽഹി - പാനിപ്പത്ത് എന്നിവയാണ് മറ്റു രണ്ടു റൂട്ടുകൾ.
30,000 കോടിയിലധികം രൂപ ചെലവിട്ടാണ് ഇവ വികസിപ്പിക്കുന്നത്. ഘാസിയാബാദ്, മുറാദ് നഗർ, മോദി നഗർ എന്നീ നഗര കേന്ദ്രങ്ങളിലൂടെ ഒരു മണിക്കൂറിൽ താഴെ യാത്രാസമയത്തിനുള്ളിൽ ഇവ ഡൽഹിയെ മീററ്റുമായി ബന്ധിപ്പിക്കും.
ലോകത്തെ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഏതു പ്രാദേശിക മൊബിലിറ്റി സംവിധാനവുമായും താരതമ്യപ്പെടുത്താവുന്നതാണ് ഇന്ത്യയുടെ പുതിയ ആർആർടിഎസ്. പ്രധാനമന്ത്രി ഗതിശക്തി ദേശീയ മാസ്റ്റർ പ്ലാനിന് അനുസൃതമായി റെയ്‌ൽവേ സ്റ്റേഷനുകൾ, മെട്രൊ സ്റ്റേഷനുകൾ, ബസ് സർവീസുകൾ മുതലായവയുമായി ആർആർടിഎസ് റെയ്‌ൽ ശൃംഖലയെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ ഈ മേഖലയിലെ സാമ്പത്തിക പ്രവർത്തനം ഉത്തേജിപ്പിക്കപ്പെടും. തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളിലേക്ക് വേഗം പ്രവേശനം ഉറപ്പാക്കും. റോഡിലെ വാഹനത്തിരക്കും വായു മലിനീകരണവും യാത്രാ സമയവും ഗണ്യമായി കുറയ്ക്കും.
കർണാടകത്തിലെ ബൈയപ്പനഹള്ളിയെ കൃഷ്ണരാജപുരയിലേക്കും കെങ്കേരിയെ ചള്ളഘട്ടയിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് മെട്രൊ റെയ്‌ൽ സ്‌ട്രെച്ചുകളും പ്രധാനമന്ത്രി മോദി ഇന്ന് ഈ ചടങ്ങിൽ ഓൺലൈനായി രാജ്യത്തിന് സമർപ്പിക്കും. ഔപചാരിക ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ ഈ മാസം 9നു തന്നെ ബംഗളൂരു മെട്രൊയുടെ ഈ രണ്ട് സ്‌ട്രെച്ചുകളും യാത്രയ്ക്കായി തുറന്നിരുന്നു.