

ഇൻഡിഗോ വിമാനം
file
മുംബൈ: വ‍്യാജ ബോംബ് ഭീഷണിയെത്തുടർന്ന് ഇൻഡിഗോ വിമാനം മുംബൈയിൽ തിരിച്ചിറക്കി. സൗദി അറേബ‍്യയിലെ ജിദ്ദയിൽ നിന്നും ഹൈദരാബാദിലേക്ക് പോകുകയായിരുന്ന വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയത്. ഇമെയിൽ മുഖേനേയായിരുന്നു ഭീഷണി സന്ദേശമെത്തിയത്.
ഇൻഡിഗോ 6ഇ 68ൽ മനുഷ‍്യബോംബ് ഉണ്ടെന്നും വിമാനം ഹൈദരാബാദിൽ ഇറക്കുന്നത് തടയണമെന്നുമായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. എൽടിടിഇ- ഐഎസ്ഐ പ്രവർത്തകർ വിമാനത്തിലുള്ളതായും 1984ൽ മദ്രാസ് വിമാനത്താവളത്തിൽ നടന്നതിനു സമാനമായ തരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്.
ഇതേത്തുടർന്ന് വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. സംഭവത്തിൽ വിമാനത്താവള അധികൃതരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.