
മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബംഗളൂരുവിൽ ഇറക്കി
ബംഗളൂരു: ഗ്വാഹട്ടി- ചെന്നൈ ഇൻഡിഗോ വിമാനം ബംഗളൂരുവിൽ അടിയന്തരമായി താഴെയിറക്കി. ഇന്ധനം കുറവായതിനെത്തുടർന്ന് പൈലറ്റ് മേയ് ഡേ സന്ദേശം നൽകിയതിനെത്തുടർന്ന് ആശങ്ക പടർന്നിരുന്നു. നിലവിൽ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 168 യാത്രക്കാരാണ് ഫ്ലൈറ്റിലുണ്ടായിരുന്നത്. ഫ്ലൈറ്റ് ചെന്നൈയിൽ എത്തിയെങ്കിലും ആദ്യം സാധ്യമായിരുന്നില്ല.
വിമാനം ഇറക്കാനുള്ള അനുമതി ലഭിക്കാഞ്ഞതിനെത്തുടർന്ന് അൽപ സമയം ചെന്നൈ വിമാനത്താവളത്തിനു മുകളിൽ പറന്നു. പിന്നീട് ബംഗളൂരുവിലേക്ക് തിരിച്ചു വിട്ടതിനു പിന്നാലെയാണ് പൈലറ്റ് മേയ് ഡേ സന്ദേശം അയച്ചത്. അതോടെ മുൻഗണന നൽകി വിമാനത്തിന് ലാൻഡ് ചെയ്യാനുള്ള സൗകര്യം ഒരുക്കി.
6E6764 വിമാനം വ്യാഴാഴ്ചയാണ് ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. ബംഗളൂരുവിൽ ഇറക്കി ഇന്ധനം നിറച്ചതിനു ശേഷം മറ്റു പ്രശ്നങ്ങളൊന്നും കൂടാതെ തിരിച്ച് ചെന്നൈയിൽ തിരിച്ചിറക്കി.