

യാത്ര തടസം നേരിട്ടവർക്ക് 10000 രൂപയുടെ സൗജന്യ വൗച്ചർ
ന്യൂഡൽഹി: ഇൻഡിഗോ സർവീസ് കൂട്ടത്തോടെ റദ്ദാക്കിയതോടെ യാത്രയിൽ തടസം നേരിട്ട യാത്രക്കാർക്ക് 10000 രൂപയുടെ സൗജന്യ വൗച്ചർ പ്രഖ്യാപിച്ച് ഇൻഡിഗോ കമ്പനി. ഡിസംബർ 3, 4, 5 തീയതികളിൽ യാത്ര മുടങ്ങിയവർക്കാണ് 10000 രൂപയുടെ വൗച്ചർ അനുവദിച്ചിരിക്കുന്നത്. ഒരു വർഷമാണ് വൗച്ചറിന്‍റെ കാലാവധി. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ സർവീസ് റദ്ദാക്കുകയോ, വൈകുകയോ ചെയ്താൽ 5000 രൂപ മുതൽ 10000 രൂപ വരെ നഷ്ടപരിഹാരം നൽകണമെന്നാണ് സിവിൽ ഏവിയേഷന്‍റെ മാർഗനിർദേശം.
ഇതിന് പുറമെയാണ് ഇൻഡിഗോ കമ്പനി യാത്ര മുടങ്ങിയവർക്ക്10000 രൂപയുടെ വൗച്ചറുകൾ നൽകുന്നത്.
നിലവിൽ തടസമുണ്ടാകുന്ന യാത്രകളുടെ നിരക്കുകൾ തിരികെ നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. ട്രാവൽ പ്ലാറ്റ്ഫോം വഴി ബുക്കിങ് നടത്തിയവർക്കും ഉടനെ പണം ലഭിക്കും. രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ കഴിഞ്ഞദിവസം മാത്രം 220 വിമാനങ്ങൾ റദ്ദാക്കിയിരുന്നു. ഇതിനിടെ ഇൻഡിഗോ സിഇഒ ഉൾപ്പെടെയുള്ളവരെ ഡിജിസിഎ വളിച്ചുവരുത്തിയിരുന്നു. സർവീസ് പുനസ്ഥാപിക്കൽ, പണം തിരികെ കൊടുക്കൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്.