സിന്ധു നദീജല കരാർ; നിലപാടിൽ മാറ്റമില്ല, ആർബിട്രേഷൻ കോടതി ഉത്തരവ് വകവെയ്ക്കാതെ ഇന്ത്യ

പാകിസ്ഥാൻ പ്രതിസന്ധിയിൽ
Indus Waters Treaty: India ignores arbitration court order

സിന്ധു നദീജല കരാർ

Updated on

ന്യൂഡൽഹി: സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യ തള്ളി. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ഇന്ത്യ പറഞ്ഞു. കോടതിയുടെ പ്രവർത്തനങ്ങൾക്കോ, ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിനാൽ കോടതി പറയുന്ന രേഖകൾ ഹാജരാക്കാൻ താൽപ്പര്യമില്ലെന്ന് ഇന്ത്യ പറഞ്ഞു. ഇന്ത്യയുടെ ബഗ്ലിഹാർ, കിഷൻഗംഗ ജലവൈദ്യുത പദ്ധതികളുടെ ലോഗ് ബുക്കുകൾ ഹാജരാക്കാൻ ആർബിട്രേഷൻ കോടതി നിർദേശിച്ചിരുന്നു.

ഈ പദ്ധതികളിലെ ജലസംഭരണത്തിന്‍റെ അളവ് പരിശോധിക്കാനായിരുന്നു കോടതിയുടെ ഈ നീക്കം. കോടതി ഉത്തരവുകൾക്ക് നിയമസാധുതയില്ലാത്തതിനാൽ ലോഗ് ബുക്കുകൾ ഹാജരാക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

സാങ്കേതിക തർക്കം പരിഹരിക്കാൻ സ്വതന്ത്ര വിദഗ്ധനെ നിയമിക്കുന്നതിന് പകരം പാകിസ്ഥാൻ ആർബിട്രേഷൻ കോടതിയെ സമീപിച്ചത്, കരാറിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ ആരോപിച്ചു. വിഷയത്തിൽ ഫെബ്രുവരി 2,3 തീയതികളിൽ കോടതി വാദം കേൾക്കാൻ നിശ്ച‍യിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ അതിൽ പങ്കെടുക്കില്ല. ഇന്ത്യയുടെ അഭാവത്തിൽ പാകിസ്ഥാന്‍റെ വാദങ്ങൾ മാത്രം കേട്ട് മുന്നോട്ട് പോകാനാണ് കോടതിയുടെ തീരുമാനം.

2025 ഏപ്രിൽ 22ന് പഹൽഗാമിൽ പാകിസ്ഥാൻ ഭീകരർ നടത്തിയ ആക്രമണത്തെ തുടർന്ന് ഏപ്രിൽ 23നാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. പാകിസ്ഥാനിലെ കൃഷിയുടെ 90 ശതമാനവും സിന്ധു നദിയിലെ ജലത്തെ ആശ്രയിച്ചാണ് നടക്കുന്നത്. പാകിസ്ഥാനിലെ ജലസംഭരണികളായ തർബേല, മംഗ്ല എന്നിവയിലെ ജലനിരപ്പ് വളരെയധികം താഴ്ന്നിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ കടുത്ത നിലപാട് പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com