
ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ മിഗ് 29 കെ വിമാനത്തിന്റെ രാത്രികാല ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. അറബിക്കടലിലുള്ള കപ്പലിൽ ബുധനാഴ്ച രാത്രിയാണു മിഗ് 29കെ വിമാനം ഇറക്കിയത്. ഇതാദ്യമാണ് ഐഎൻഎസ് വിക്രാന്തിൽ വിമാനത്തിന്റെ രാത്രികാല ലാൻഡിങ്. ചരിത്രത്തിലെ നാഴികക്കല്ലെന്നാണ് ഈ നേട്ടത്തെ നാവികസേന വിശേഷിപ്പിച്ചത്.
രാത്രികാല ലാൻഡിങ് ഏറെ വെല്ലുവിളിയുയർത്തുന്നതാണെന്ന് നാവികസേന. വിക്രാന്തിലെ നാവികരുടെയും വിമാനത്തിന്റെ പൈലറ്റുമാരുടെയും വൈദഗ്ധ്യം പ്രൊഫഷനലിസം ദൃഢനിശ്ചയം എന്നിവയ്ക്ക് തെളിവാണിതെന്നും സേന. നാവികസേനയുടെ ആത്മനിർഭരതയുടെ സൂചകമാണിതെന്നു നാവികസേനാ വക്താവ് കമാൻഡർ വിവേക് മാധ്വാൽ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ മിഗ് 29കെയും ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലഘുയുദ്ധ വിമാനം തേജസും വിക്രാന്തിൽ പകൽ ലാൻഡിങ് നടത്തിയിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനി പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മിഷൻ ചെയ്തത്. ഇന്ത്യ- പസഫിക് സമുദ്രത്തിൽ സുരക്ഷാ വെല്ലുവിളികൾ നേരിടാനും സുസ്ഥിരത ഉറപ്പാക്കാനും വിക്രാന്തിനു കഴിയുമെന്നു നാവികസേന. 23,000 കോടി രൂപ ചെലവഴിച്ചു നിർമിച്ച വിക്രാന്തിൽ കപ്പൽ വേധ മിസൈൽ സംവിധാനം ഉൾപ്പെടെയുണ്ട്. 30 പോർ വിമാനങ്ങളും ഹെലികോപ്റ്ററുകളും വഹിക്കാൻ ശേഷിയുണ്ട് ഇതിന്.