
കശ്മീരില്‍ കൂടുതല്‍ ശക്തമായ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇന്‍റലിജന്‍സിന്‍റെ മുന്നറിയിപ്പ്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന് ഇന്‍റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ കശ്മീര്‍ താഴ്‌വരയിലെ ഭീകരരുടെ സ്ലീപ്പര്‍ സെല്ലുകള്‍ കൂടുതല്‍ സജീവമായിട്ടുണ്ടെന്നും, ഇവര്‍ക്ക് കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്താന്‍ ഭീകരസംഘടനകളുടെ നിര്‍ദേശം ലഭിച്ചതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിക്കുന്നു.
പാക്കിസ്ഥാൻ ചാര ഏജൻസിയായ ഇന്‍റർ-സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ), ശ്രീനഗർ, ഗന്ധർബാൽ ജില്ലകളിൽ താമസിക്കുന്ന പുറത്ത് നിന്നുള്ളവർ, സിഐഡി ഉദ്യോഗസ്ഥർ, കശ്മീരി പണ്ഡിറ്റുകൾ എന്നിവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്.
പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെയും ഭീകരരെ സഹായിക്കുന്നവരെന്ന് തിരിച്ചറിഞ്ഞവരുടെയും വീടുകള്‍ ജമ്മു കശ്മീര്‍ പൊലീസും സൈന്യവും ചേർന്ന് തകര്‍ത്തിരുന്നു. ഇതിനു തിരിച്ചടിയെന്ന തരത്തിൽ വലിയതും കൂടുതൽ ശക്തവുമായ ആക്രമണങ്ങള്‍ നടത്താനാണ് സ്ലീപ്പര്‍ സെല്ലുകള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും ഇന്‍റലിജന്‍സ് സൂചിപ്പിക്കുന്നു.
കൂടാതെ, പുറത്തുനിന്നുള്ള ആളുകളുടെ കൂടുതൽ എത്താന്‍ സാധ്യതയുള്ള ഇടങ്ങൾ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങൾക്കു സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ നിയുക്ത ക്യാംപുകളിൽ നിന്ന് അനാവശ്യമായി പുറത്തേക്കു പോകുന്നത് ഒഴിവാക്കണമെന്നും ഏജൻസികൾ നിർദേശിച്ചിട്ടുണ്ട്.
മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ നടപടികൾ ഗണ്യമായി ശക്തിപ്പെടുത്തി. ഗുൽമാർഗ്, സോനാമാർഗ്, ദാൽ ലേക്ക് പ്രദേശങ്ങൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കശ്മീർ പൊലീസിന്‍റെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ആന്‍റി ഫിദായീൻ സ്ക്വാഡുകളെ വിന്യസിച്ചു. ഒപ്പം ജമ്മു കശ്മീർ സർക്കാർ 87 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ 48 എണ്ണം അടച്ചുപൂട്ടി.