
ബറേലിയിൽ ഇന്‍റർനെറ്റ് സേവനം താത്കാലികമായി നിർത്തി
ലഖ്നൗ: ഉത്തർപ്രദേശിലെ ബറേലി ഡിവിഷനിൽ ഇന്‍റർനെറ്റ് സേവനം താത്കാലികമായി നിർത്തിവച്ചു. 'ഐ ലവ് മുഹമ്മദ്' പോസ്റ്റർ വിവാദത്തിനും സംഘർഷത്തിനും പിന്നാലെയാണ് 48 മണിക്കൂർ ഇന്‍റർനെറ്റ് സേവനം നിർത്തിവച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നു മണി മുതൽ ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നു വരെയാണ് നിരോധനം.
ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ്യ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാനും വർഗീയ സംഘർഷം ഉണ്ടാകുന്നതിനും സാധ്യതയുണ്ടെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമാധാനം ലക്ഷ്യം കണ്ടാണ് ഇത്തരത്തിലുളള നടപടിയെന്നും ഭരണകൂടം കൂട്ടിച്ചേർത്തു.
പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ലോക്കൽ പൊലീസിന് പുറമെ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറി, റാപിഡ് ആക്ഷൻ ഫോഴ്സ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ക്രമസമാധാനം ഉറപ്പാക്കാൻ സുരക്ഷാസേന വിവിധയിടങ്ങളിൽ ഡ്രോണുകൾ സജ്ജമാക്കി.
സെപ്റ്റംബർ നാലിന് നബിദിന ഷോഷയാത്രയ്ക്കിടെ കൺപൂരിലെ വഴിയരികിൽ 'ഐ ലവ് മുഹമ്മദ്' എന്ന പോസ്റ്റർ സ്ഥാപിച്ചതോടെയാണ് വിവാദം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് ദിവസങ്ങൾക്ക് ശേഷം വാരാണസിയിൽ 'ഐ ലവ് മഹാദേവ്' എന്ന പ്ലക്കാർഡുമായി പ്രതിഷേധക്കാർ എത്തിയതോടെ സംഘർഷം രൂക്ഷമാക്കുകയായിരുന്നു.