വായിൽ രക്തംപുരണ്ട തുണി തിരുകി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിൽ: ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയെ കൊലപ്പെടുത്തി

വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിൽ കവർച്ചാ സംഘം നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്
ips officer wife killed in hyderabad

തനൂജ

Updated on

ഹൈദരാബാദ്: മുൻ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനൂജ രഞ്ജൻ (62) ആണ് കൊല്ലപ്പെട്ടത്. അതീവ സുരക്ഷയിലുള്ള ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിലാണ് തനൂജയെ ക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വീട്ടുജോലിക്കാരിയുടെ നേതൃത്വത്തിൽ കവർച്ചാ സംഘം നടത്തിയ കൊലപാതകമാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് കൊലപാതകം നടക്കുന്നത്. സമൂഹത്തിൽ ഏറെ സ്വാധീനമുള്ളവരും മുതിർന്ന ഉദ്യോഗസ്ഥരുമെല്ലാമാണ് ജൂബിലി ഹിൽസിൽ താമസിക്കുന്നത്. കൊലപാതകത്തിന് ശേഷം വീട്ടുജോലിക്കാരിയെ കാണാതായതോടെയാണ് ആസൂത്രിതമായ കൊലപാതകമെന്ന് സംശയത്തിലേക്ക് പൊലീസ് എത്തിയത്. നേപ്പാൾ സ്വദേശിയായ കൽപ്പന ഒരു വർഷമായി ഇവിടെ നിന്ന് ജോലി ചെയ്യുകയായിരുന്നു.

മൂന്ന് നിലയുള്ള വീട്ടിലാണ് വിനയ് രഞ്ജൻ റേയും തനൂജയും രണ്ട് മക്കളും വിനയ്‌യുടെ അമ്മയും താമസിക്കുന്നത്. അമ്മയെ നോക്കാനായാണ് കൽപ്പന എത്തിയത്. വിനയ് ഒരാഴ്ച മുൻപ് ബെംഗളൂരുവിൽ പോയിരുന്നു. വ്യാഴാഴ്ച രാത്രി മക്കൾ രണ്ടാം നിലയിലെ മുറിയിലും തനുജ ഒന്നാമത്തെ നിലയിലുമാണ് കിടന്നത്. അടുത്ത ദിവസം രാവിലെ 9.15ഓടെ മറ്റൊരു ജോലിക്കാരി എത്തിയപ്പോൾ ഒരു മകൾ താഴെ ഇറങ്ങി വാതിൽ തുറക്കുകയായിരുന്നു. ആ സമയത്താണ് കൽപ്പനയെ കാണുന്നില്ലെന്ന് മനസിലായത്. തുടർന്ന് അമ്മയുടെ മുറിയിൽ എത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. കൈകളും കാലുകളും കെട്ടിയിട്ട നിലയിലായിരുന്നു. രക്തം പുരണ്ട തുണി ഇവരുടെ വായിൽ തിരുകിയിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു. കുടുംബത്തെ നിരീക്ഷിക്കാൻ വേണ്ടിയാണ് കൽപ്പന ഇവിടെ ജോലിക്കെത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. പുലർച്ചെ ഒരു മണിയോടെ മൂന്ന് പേർ കൽപ്പനയ്ക്കൊപ്പം വീട്ടിലേക്ക് കടക്കുന്നതും 2:30ഓടെ ബാഗുമായി പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രതികൾ ജൂബിലി ഹിൽസിൽനിന്ന് ഓട്ടോറിക്ഷയിൽ നാമ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തിയതായും അവിടെനിന്ന് തെലങ്കാന എക്സ്പ്രസ്സിൽ നാഗ്പുർ ഭാഗത്തേക്ക് പോയതായും പൊലീസ് കണ്ടെത്തി. പ്രതികളെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.

logo
Metro Vaartha
www.metrovaartha.com