

ടെലികോം സൈബർ കുറ്റകൃത്യങ്ങൾ തടയാൻ കർശന നടപടി
file photo
കൊച്ചി: ടെലികോം ദക്ഷിണ മേഖലാ വാർഷിക സുരക്ഷാ സമ്മേളനം എറണാകുളത്ത് നടന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിലെ ടെലികോം വകുപ്പിന്‍റെ ഡയറക്റ്റർ ജനറൽ ടെലികോം (ഡിജിടി) ആസ്ഥാനത്തിനു കീഴിലുള്ള കേരള ലൈസൻസ്ഡ് സർവീസ് ഏരിയ (എൽഎസ്എ) സുരക്ഷാ സംബന്ധമായ വിഷയങ്ങളെക്കുറിച്ചുള്ള ദക്ഷിണ മേഖലാ വാർഷിക സമ്മേളനമാണു നടന്നത്.
ടെലികോം ഡയറക്റ്റർ ജനറൽ ആർ.കെ. ഗോയൽ ഉദ്ഘാടനം ചെയ്തു. ടെലികോം വകുപ്പിന്‍റെ കേരളം, തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കർണാടക എന്നീ 4 ദക്ഷിണമേഖലാ എൽഎസ്എകളിലെ ഉദ്യോഗസ്ഥരും കേന്ദ്ര- സംസ്ഥാന നിയമപാലന ഏജൻസികളും വിവിധ ടെലികോം സേവന ദാതാക്കളും പങ്കെടുത്തു. ആർബിഐ, എസ്ബിഐ, ഫോൺപേ, സിഒഎഐ, ഐഎസ്പിഎഐ എന്നിവയുടെ പ്രതിനിധികളും സന്നിഹിതരായിരുന്നു.
122 കോടിയിലധികം വരിക്കാരുള്ള രാജ്യത്തെ ടെലികോം സുരക്ഷയുടെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു സമ്മേളനം. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കമ്മിഷൻ മെംബർ (സർവീസസ്) ദേബ് കുമാർ ചക്രവർത്തി, ടെലികോംകേരള അഡീഷണൽ ഡയറക്റ്റർ ജനറൽ ബെന്നി ചിന്നപ്പൻ, കേരള പൊലീസ് എഡിജിപി എസ്. ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു.
ടെലികോം വകുപ്പിന്‍റെ പോർട്ടലിൽ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്ത, മോഷണം പോയതോ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ ഏറ്റവും കൂടുതൽ കണ്ടെത്തിയ ദക്ഷിണ മേഖലയിലെ 8 പൊലീസ് ജില്ലകളെയും യൂണിറ്റുകളെയും ചടങ്ങിൽ ആദരിച്ചു. സിഇഐആർ പോർട്ടൽ വഴി നഷ്ടപ്പെട്ട മൊബൈൽ ഹാൻഡ്‌സെറ്റുകൾ പരമാവധി വീണ്ടെടുക്കുന്നതിന് കേരളത്തിലും ലക്ഷദ്വീപിലും മികച്ച പ്രകടനം കാഴ്ചവച്ച ജില്ലകൾക്കുള്ള അവാർഡുകൾ സമ്മാനിച്ചു.
കൊല്ലം റൂറൽ പൊലീസ് ചീഫ് വിഷ്ണു പ്രദീപ് ടി.കെ, ലക്ഷദ്വീപ് പൊലീസ് ഇൻസ്പെക്റ്റർ (എച്ച്ക്യു) പി.പി. ആഷിക് എന്നിവർക്കാണ് അവാർഡുകൾ സമ്മാനിച്ചത്. ടെലികോം ശൃംഖലകൾ സുരക്ഷിതമാക്കാൻ കൂടുതൽ കർക്കശമായ നടപടികൾ ആവശ്യമാണെന്ന് ടെലികോം ഡിജി ആർ.കെ. ഗോയൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെലികോം സംവിധാനത്തിന്‍റെ വിശ്വാസ്യതയും സുരക്ഷയും ഉറപ്പാക്കാൻ നിയന്ത്രണ ഏജൻസികളും സേവനദാതാക്കളും നിയമപാലകരും തമ്മിലുള്ള ഏകോപനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള മൊബൈൽ സേവനങ്ങൾ ലഭ്യമാകുന്നത് ഇന്ത്യയിലാണ്. സാമ്പത്തിക തട്ടിപ്പുകൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ഫേഷ്യൽ റെക്കഗ്നിഷനും ഉപയോഗിക്കുന്ന ഈ പ്ലാറ്റ്‌ഫോം ടെലികോം വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്. 2022ൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത 5ജി സേവനം ഇന്ന് രാജ്യത്തെ 777 ജില്ലകളിൽ 776ലും ലഭ്യമാണ്. ലോകത്തു തന്നെ ഏറ്റവും വേഗത്തിലുള്ള 5ജി വ്യാപനമാണ് ഇന്ത്യയിലുണ്ടായത്.
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്യാനും ഒരാളുടെ പേരിൽ എത്ര കണക്‌ഷനുകൾ ഉണ്ടെന്ന് അറിയാനും സഞ്ചാർ സാഥി പോർട്ടൽ സഹായിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ 24 കോടി ആളുകൾ ഈ പോർട്ടൽ സന്ദർശിക്കുകയും 1.9 കോടി പേർ ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു. 2 വർഷത്തിനിടെ 5 കോടിയിലധികം സംശയാസ്പദമായ കണക്‌ഷനുകൾ റദ്ദാക്കി. ഏകദേശം 8.5 ലക്ഷം ഫോണുകൾ പൊലീസ് കണ്ടെത്തി.
സൈബർ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയുന്നതിനുമുള്ള സഹകരണം ശക്തിപ്പെടുത്തും. അനധികൃത ടെലികോം സെറ്റപ്പുകൾ കണ്ടെത്തലും നിയമനടപടികളും കർശനമാക്കുംമെന്നും ഗോയൽ പറഞ്ഞു. ദേബ് കുമാർ ചക്രവർത്തി, ബെന്നി ചിന്നപ്പൻ, എഡിജി ടെലികോം സുരേഷ് പുരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.